റഷ്യൻ വിമാനത്തിന് ബോംബ് ഭീഷണി; രക്ഷകരായി ഇന്ത്യൻ വ്യോമസേന
ജാംനഗർ: ബോംബ് ഭീഷണിയെ തുടർന്ന് മോസ്കോയിൽ നിന്ന് ഗോവയിലേക്കുള്ള റഷ്യൻ വിമാനം ഗുജറാത്തിലെ ജാംനഗർ വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കിയതിനെ തുടർന്ന് സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തി ഇന്ത്യൻ വ്യോമസേന. തിങ്കളാഴ്ച രാത്രിയാണ് ബോംബ് ഭീഷണിയുണ്ടായത്. 236 യാത്രക്കാരും എട്ട് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.
ബോംബ് ഭീഷണിയെ കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്ന് വ്യോമസേനയ്ക്ക് തയ്യാറെടുക്കാൻ 50 മിനിറ്റ് മാത്രമാണ് സമയമുണ്ടായിരുന്നത്. റഷ്യയുടെ അസൂർ എയർ വിമാനത്തിനാണ് ബോംബ് ഭീഷണിയുണ്ടായിരുന്നത്. സുരക്ഷാ ആശങ്കകൾ കണക്കിലെടുത്ത്, സൈനിക വ്യോമതാവളത്തിലെ ഒറ്റപ്പെട്ട സ്ഥലത്തേക്ക് വിമാനം മാറ്റുകയായിരുന്നു ആദ്യ ഘട്ടം. യാത്രക്കാരെ സുരക്ഷിതമായി ഒഴിപ്പിക്കാൻ ഗ്രൗണ്ട് സ്റ്റാഫിനും ഗരുഡ് സ്പെഷ്യൽ ഫോഴ്സിനും വ്യോമസേന നിർദ്ദേശം നൽകി.
ബോംബ് ഭീഷണിയെക്കുറിച്ച് ഇന്ത്യൻ അധികൃതരെ അറിയിച്ചതായി റഷ്യൻ എംബസി പിന്നീട് പ്രസ്താവനയിൽ പറഞ്ഞു. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്യുക എന്നതായിരുന്നു ആദ്യ ദൗത്യം. ഇക്കാര്യം സ്ഥിരീകരിച്ച ശേഷമാണ് യാത്രക്കാരെ വിട്ടയച്ചത്. ദൗത്യത്തിനു നേതൃത്വം നൽകിയ എയർ കമ്മോഡർ ആനന്ദ് സോന്ദി യാത്രക്കാരെ ആശ്വസിപ്പിക്കാനുള്ള നടപടികൾ സ്വീകരിച്ചു. തൊട്ടുപിന്നാലെ വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ എൻഎസ്ജി ബോംബ് സ്ക്വാഡ് എത്തി വിമാനവും യാത്രക്കാരുടെ ബാഗേജും പരിശോധിക്കുകയായിരുന്നു.