കേരളത്തിലേക്കെത്തിച്ച ഹൈഡ്രജന്‍ പെറോക്‌സൈഡ് കലർത്തിയ 15,300 ലിറ്റര്‍ പാല്‍ പിടികൂടി


കൊല്ലം: തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്ന 15,300 ലിറ്റർ മായം കലർന്ന പാൽ പിടികൂടി. കൊല്ലം ആര്യങ്കാവ് ചെക്ക് പോസ്റ്റിലാണ് ഹൈഡ്രജൻ പെറോക്സൈഡ് കലർത്തിയ പാൽ പിടികൂടിയത്.
ബുധനാഴ്ച പുലർച്ചെ ആര്യങ്കാവ് ചെക്ക് പോസ്റ്റിൽ നടത്തിയ റാപ്പിഡ് പരിശോധനയിലാണ് മായം ചേർത്ത പാൽ പിടികൂടിയത്. തമിഴ്നാട്ടിലെ തെങ്കാശിയിൽ നിന്ന് പത്തനംതിട്ടയിലെ പന്തളത്തേക്ക് കൊണ്ടുപോകുകയായിരുന്നു. പിടിച്ചെടുത്ത ലോറി ആര്യങ്കാവ് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.
പാലിൽ ഹൈഡ്രജൻ പെറോക്സൈഡ് എത്ര ശതമാനം കലർത്തിയിട്ടുണ്ടെന്ന് കണ്ടെത്താൻ ഭക്ഷ്യസുരക്ഷാ വിഭാഗം സാമ്പിൾ പരിശോധനയ്ക്കായി തിരുവനന്തപുരത്തെ അനലിറ്റിക്സ് ലാബിലേക്ക് അയച്ചു. ജില്ലാ ഭക്ഷ്യസുരക്ഷാ ഓഫീസർക്ക് ഉടൻ റിപ്പോർട്ട് സമർപ്പിക്കാനും നിർദേശം നൽകി. റിപ്പോർട്ട് ലഭിച്ച ശേഷം കേസ് രജിസ്റ്റർ ചെയ്യുന്നതുൾപ്പെടെയുള്ള തുടർനടപടികൾ സ്വീകരിക്കും.