നെടുങ്കണ്ടം ഗ്രാമ പഞ്ചായത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയായ വിവിധ പദ്ധതികളുടെ ഉത്ഘാടനം നടന്നു
നെടുങ്കണ്ടം ഗ്രാമ പഞ്ചായത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയായ വിവിധ പദ്ധതികളുടെ ഉത്ഘാടനം നടന്നു. കല്ലാറിലുള്ള കമ്യൂണിറ്റി ഹാളിനോട് ചേര്‍ന്ന് വിനോദ സഞ്ചാരികള്‍ക്കായി വഴിയോര വിശ്രമ കേന്ദ്രം, നെടുങ്കണ്ടം പഞ്ചായത്ത് യുപി സ്‌കുളിന് സമീപത്തെ പപ്പിനിമെട്ട് മിനി പാര്‍ക്ക്, നെടുങ്കണ്ടം പ്രൈവറ്റ് ബസ്റ്റാന്റില്‍ നിര്‍മ്മിച്ച ടൊയ്‌ലെറ്റ് കോംപ്ലക്‌സ് എന്നിവയുടെ ഉദ്ഘാടനമാണ് നടന്നത്.കുമളിക്കും മൂന്നാറിനുമിടയില്‍ സഞ്ചരിക്കുന്ന വിനോദ സഞ്ചാരികള്‍ക്ക് പ്രയോജനപ്പെടുന്ന വിധമാണ് കല്ലാറ്റില്‍ വിശ്രമകേന്ദ്രം നിര്‍മ്മിച്ചിരിക്കുന്നത്. വിനോദ സഞ്ചാരികള്‍ക്ക് വിശ്രമിക്കുന്നതിനും പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിനും ആവശ്യമായ സൗകര്യങ്ങള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്.നെടുങ്കണ്ടത്തെ പപ്പിനിമെട്ടിലെ മിനി പാര്‍ക്ക് 2005 ല്‍ പ്രവര്‍ത്തനം ആരംഭിച്ചിരുന്നെങ്കിലും പില്‍ക്കാലത്ത് സാമൂഹ്യ വിരുദ്ധര്‍ നശിപ്പിച്ചിരുന്നു. ഇത് വീണ്ടും പതിനേഴു ലക്ഷം രൂപ മുതൽ മുടക്കി പഞ്ചായത്ത് പുനര്‍നിര്‍മ്മിക്കുകയായിരുന്നു. ടൊയ്‌ലെറ്റുകള്‍, കുട്ടികള്‍ക്ക് കളിക്കുന്നതിന് ആവശ്യമായ ഉപകരണങ്ങള്‍ എന്നിവയും പുല്‍ത്തകിടികൊണ്ട് മനോഹരമാക്കിയ പാര്‍ക്കും സജ്ജീകരിച്ചിട്ടുണ്ട്.നെടുങ്കണ്ടം പ്രൈവറ്റ് ബസ് സ്റ്റാന്റില്‍ യാത്രക്കാര്‍ക്ക് വേണ്ടി രണ്ട് ടൊയ്‌ലറ്റുകളാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇവിടെയെത്തുന്ന യാത്രക്കാര്‍ക്ക് പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ മതിയായ സൗകര്യങ്ങള്‍ ഉണ്ടായിരുന്നില്ല. സ്വകാര്യ വ്യക്തി നല്‍കിയ ഒരു സെന്റ് സ്ഥലത്താണ് രണ്ട് നിലകളിലായി ടൊയ്‌ലറ്റ് സ്ഥാപിച്ചിരിക്കുന്നത്.ഇവയുടെ ഉദ്ഘാടനം എം.എം മണി എം.എല്‍.എ നിര്‍വ്വഹിച്ചു. ചടങ്ങുകളില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശോഭന വിജയന്‍,മെമ്പര്‍മാരായ ബിന്ദു സഹദേവന്‍, ബിജിമോള്‍ വിജയന്‍ ,സുരേഷ് പള്ളിയില്‍ ,എം എസ് മഹേശ്വരന്‍ , സിജോ നടക്കല്‍ ,ഷിഹാബ് ഈട്ടിക്കല്‍ ,വിജയകുമാരി ,ഷാന്റി ബിജോ, ഷിബു ചെരികുന്നില്‍, പൊതു പ്രവര്‍ത്തകരായ എം സുകുമാരന്‍, വി.സി അനില്‍ ,രഞ്ജിത് രവി തുടങ്ങിയവര്‍ പങ്കെടുത്തു .