വൃക്കരോഗിയായ പ്രവാസിക്കായി ജിദ്ദയിൽ ബിരിയാണി ചലഞ്ച്; സമാഹരിച്ചത് 15 ലക്ഷം രൂപ
കാളികാവ് (മലപ്പുറം): മലയാളി മനസ്സുകളുടെ സഹാനുഭൂതി ഒരിക്കൽ കൂടി മരുഭൂമിയെ ആർദ്രമാക്കി. വൃക്ക തകരാറിലായ പ്രവാസി മലയാളിയെ സഹായിക്കാനായി ബിരിയാണി ചലഞ്ചിലൂടെ സമാഹരിച്ചത് 15 ലക്ഷം രൂപ.
ചോക്കാട് പഞ്ചായത്തിലെ മാളിയേക്കൽ സ്വദേശിയായ കപ്പക്കുന്നൻ ഫിറോസ് ഖാന്റെ വൃക്ക തകരാറിലായതിനെതുടർന്ന് വൃക്ക മാറ്റി വക്കുന്നതിനും, തുടർചികിത്സയിലേക്കുമുള്ള പണം കണ്ടെത്തുന്നതിനായി മാളിയേക്കൽ പ്രവാസി കൂട്ടായ്മയായ മാളിയേക്കൽ വെൽഫെയർ ആൻഡ് സോഷ്യോ കൾച്ചറൽ അസോസിയേഷൻ (മവാസ) ആണ് ബിരിയാണി ചലഞ്ച് എന്ന ആശയം മുന്നോട്ടു വച്ചത്. മറ്റ് പ്രവാസി സംഘടനകളുടെയും സഹകരണത്തോടെ 15,29,700 രൂപ നേടാനായി.
മഞ്ഞപ്പെട്ടി ഏരിയ പ്രവാസി സംഘം, അഞ്ചച്ചവിടി ഏരിയ പ്രവാസി സംഗമം, പള്ളിശ്ശേരി ജിദ്ദ പ്രവാസി കൂട്ടായ്മ, കാളികാവ് ഏരിയ പ്രവാസി സാംസ്കാരികവവേദി, കാളികാവ് ഏരിയ പ്രവാസി അസോസിയേഷൻ, ഉദരംപൊയിൽ പ്രവാസി അസോസിയേഷൻ, പുല്ലങ്കോട് ഏരിയ പ്രവാസി അസോസിയേഷൻ, സ്രാമ്പിക്കല്ല് എക്സ്സ്പാറ്റ്സ് വെൽഫെയർ അസോസിയേഷൻ, കൂരാട് ഏരിയ പ്രവാസി സംഘം എന്നിവയാണ് ബിരിയാണി ചലഞ്ചിനായി ഒന്നിച്ചത്. മവാസ ചീഫ് കോ-ഓർഡിനേറ്റർ എം അസീസ് ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ മുൻ പ്രസിഡന്റ് കെ. സുലൈമാൻ അധ്യക്ഷനായി. ഉപദേശക സമിതി അംഗങ്ങളായ കെ.പി.റഷീദ്, വി.പി മൊയ്ദീൻ, എ.കെ അബൂബക്കർ, രക്ഷാധികാരി വി ജലീൽ എന്നിവർ ചേർന്ന് തുക കൈമാറി.