ബ്രസീൽ കലാപ ഭൂമിയാക്കി മുൻ പ്രസിഡന്‍റിന്റെ അനുയായികൾ; പാർലമെൻ്റും സുപ്രീംകോടതിയും ആക്രമിച്ചു
ബ്രസിലീയ: രണ്ട് വർഷം മുമ്പ് അമേരിക്കയിൽ ട്രംപ് അനുകൂലികൾ കാപ്പിറ്റോളിന് നേരെ നടത്തിയ ആക്രമണത്തിന് സമാനമായി മുൻ പ്രസിഡന്‍റ് ബോൾസൊനാരോയുടെ അനുയായികൾ ബ്രസിലിൽ അക്രമം അഴിച്ചുവിട്ടു. ബ്രസീൽ പാർലമെന്‍റ്, സുപ്രീം കോടതി, പ്രസിഡൻഷ്യൽ കൊട്ടാരം എന്നിവിടങ്ങളിൽ മൂവായിരത്തിലധികം പേരടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയത്. പ്രതിഷേധക്കാർ ഇപ്പോൾ ഈ പ്രദേശങ്ങളിൽ തമ്പടിച്ചിരിക്കുകയാണ്.
അടിയന്തര സാഹചര്യം നേരിടാൻ പ്രസിഡന്‍റ് ലുല ഡി സിൽവ സൈന്യത്തെ വിന്യസിച്ചു. ജനാധിപത്യത്തിന് നേരെയുള്ള ഫാസിസ്റ്റ് ആക്രമണത്തെ അദ്ദേഹം അപലപിച്ചു. ലുല ഡി സിൽവ അധികാരത്തിൽ വന്ന് എട്ട് ദിവസം പിന്നിടുമ്പോഴാണ് അട്ടിമറി നീക്കം. തിരഞ്ഞെടുപ്പിന് ശേഷം രാജ്യം വിട്ട ബോൾസൊനാരോ ഇപ്പോൾ അമേരിക്കയിലെ ഫ്ലോറിഡയിലാണ്. ബ്രസീൽ ദേശീയ പതാകയിലെ മഞ്ഞയും പച്ചയും നിറങ്ങളിലുള്ള വസ്ത്രങ്ങൾ ധരിച്ചെത്തിയ ബോൾസൊനാരോയുടെ അനുയായികൾ തലസ്ഥാനമായ ബ്രസീലിയയിലും രാജ്യത്തെ പ്രധാന നഗരമായ സാവോ പോളോയിലും സംഘർഷാവസ്ഥ സൃഷ്ടിച്ചു.
ബ്രസീലിലെ തെക്കുകിഴക്കൻ നഗരമായ അരരാക്വാരയിൽ വെള്ളപ്പൊക്കമുണ്ടായ പ്രദേശം സന്ദർശിക്കാനെത്തിയ ലുല ഡി സിൽവ, കലാപം തടയാൻ സുരക്ഷാ സേനയ്ക്ക് അധികാരം നൽകുന്ന ഉത്തരവിൽ ഒപ്പുവെച്ചു.