ലഹരിയിൽ നിന്ന് യുവാക്കളെ മോചിപ്പിക്കാൻ കളിക്കളങ്ങൾ തിരിച്ചു പിടിക്കണം ; സ്പീക്കർ എ.എൻ ഷംസീർ. അഖിലേന്ത്യ അന്തർ സർവ്വകലാശാല വനിതാ വോളിബോൾ ചാമ്പ്യൻഷിപ്പിൽ ചെന്നൈ എസ്. ആർ. എം. യൂണിവേഴ്സിറ്റി ജേതാക്കൾ
സംസ്ഥാനത്തെ ഓരോ പഞ്ചായത്തിലും കളിക്കളങ്ങൾ സ്ഥാപിക്കാനുള്ള തീവ്രപരിശ്രമത്തിലാണ് സർക്കാരെന്ന് നിയമസഭ സ്പീക്കർ എ.എൻ ഷംസീർ. മുരിക്കാശ്ശേരി പാവനാത്മ കോളേജിൽ അഖിലേന്ത്യ അന്തർ സർവ്വകലാശാല വനിതാ വോളിബോൾ ചാമ്പ്യൻഷിപ്പിന്റെ സമാപനചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയയായിരുന്നു സ്പീക്കർ. സംസ്ഥാനത്ത് കായികമേളകൾ സജീവമാക്കുമെന്നും സ്പോർട്സ് കൗൺസിലിന്റെയും സംസ്ഥാന സർക്കാരിന്റെയും നേതൃത്വത്തിൽ വിവിധ പദ്ധതികൾ നടപ്പിലാക്കി കളിക്കളങ്ങൾ തിരിച്ചു കൊണ്ടു വരികയാണെന്നും സ്പീക്കർ പറഞ്ഞു. ലഹരിക്കടിമയാവുന്ന യുവത്വത്തെ തിരിച്ചു കൊണ്ടുവരാൻ അവരെ കായിക രംഗത്തേക്ക് വഴിതിരിച്ചുവിടണം. ഹരിയാന ഈ രംഗത്ത് മാതൃകയാണ് – സ്പീക്കർ പറഞ്ഞു. വേളിബോൾ ചാമ്പ്യൻഷിപ്പ് ബഹുജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായെന്നും സ്പീക്കർ പറഞ്ഞു.
വനിതാ വോളിബോൾ ചാമ്പ്യൻഷിപ്പിൽ ചെന്നൈ എസ്. ആർ. എം. യൂണിവേഴ്സിറ്റി ചാമ്പ്യന്മാരായി. പഞ്ചാബ് യൂണിവേഴ്സിറ്റി പാട്യാല റണ്ണറപ്പായി. എംജി യൂണിവേഴ്സിറ്റി കോട്ടയം സെക്കൻഡ് റണ്ണറപ്പായി.
മൂന്ന് ടീമിനെയും വ്യക്തിഗത മെഡൽ നേടിയ മികച്ച ലിബറോ അലീന, ചാമ്പ്യൻഷിപ്പിലെ മികച്ച അറ്റാക്കർ ആന്റ് പ്ലയർ എഴിമതിൽ, മികച്ച സെറ്റർ ആതിര റോയി, മികച്ച ബ്ലോക്കർ – യു സ്നേഹ, ഫൈനലിലെ മികച്ച പ്ലയെർ -പൂർണ ദിപാബി, എന്നിവരെ സ്പീക്കറും മന്ത്രിയും ചേർന്നു ആദരിച്ചു. ഇവർക്ക് ട്രോഫിയും മെഡലും സമ്മാനിച്ചു.
വനിത വോളിബോൾ ചാമ്പ്യൻഷിപ്പിന്റെ മികച്ച സംഘാടനത്തിലൂടെ കായിക രംഗത്ത് വലിയ മുന്നേറ്റമാണ് നേടാൻ സാധിച്ചതെന്നും ഇത്തരം കായികമേളകളുടെ നടത്തിപ്പ് ഹൈറേഞ്ചിലെ കായികരംഗത്തിന് പുത്തൻ പ്രതീക്ഷ നൽകുന്നുവെന്നും സമാപന ചടങ്ങിൽ മുഖ്യപ്രഭാഷണം നിർവഹിച്ചു കൊണ്ട് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. മികച്ച രീതിയിൽ കായികമേള നടത്താൻ സാധിച്ചതിൽ കോളേജിനെയും ജനപ്രതിനിധികളും മന്ത്രി യോഗത്തിൽ അഭിനന്ദിച്ചു. കൂടാതെ പാവനാത്മ കോളേജിൽ കബഡി മാറ്റ് ഒരുക്കാൻ 10 ലക്ഷം രൂപ അനുവദിച്ചതായും മന്ത്രി പ്രഖ്യാപിച്ചു.
യോഗത്തിൽ എം ജി യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗം പ്രൊഫ.ഹരികൃഷ്ണൻ പി അധ്യക്ഷത വഹിച്ചു.
എംജി യൂണിവേഴ്സിറ്റി പരിശീലകൻ വി അനിൽ കുമാർ, ടെക്നിക്കൽ കമ്മറ്റി കൺവീനർ ഡോ. ജോ ജോസഫ്, ജോയിന്റ് കൺവീനർ മുഹമ്മദ് ഷിജു, റഫറി ബോർഡ് കെകെ മുസ്തഫ, പാവനാത്മ കോളേജ് ഫിസിക്കൽ വിഭാഗം ജിജോ ജോർജ്, കോളേജ് പ്രിൻസിപ്പൽ ഫാ. ബെന്നിച്ചൻ സ്കറിയ എന്നിവരെ ചടങ്ങിൽ ആദരിച്ചു.
എം.ജി സർവകലാശാല ആതിഥേയത്വം വഹിച്ച സൗത്ത് സോൺ അന്തർ സർവ്വകലാശാല അഖിലേന്ത്യ അന്തർ സർവ്വകലാശാല വനിതാ വോളിബോൾ 2022-23 മത്സരങ്ങൾക്ക്
ഡിസംബർ 27 നാണ് മുരിക്കാശ്ശേരി പാവനാത്മ കോളേജിൽ തുടക്കമായത്.
എംജി യൂണിവേഴ്‌സിറ്റി, എസ്ആര്‍എം ഇസ്താസ് -ചെന്നൈ, ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി, പഞ്ചാബ് യൂണിവേഴ്സിറ്റി-പാട്യാല, പഞ്ചാബ് യൂണിവേഴ്‌സിറ്റി-ഛാന്ധിഗര്‍, ജിഎന്‍ഡിയു-അമൃത്സര്‍, ഹിമാചല്‍പ്രദേശ് യൂണിവേഴ്‌സിറ്റി, അഡമാസ് യൂണിവേഴ്‌സിറ്റി-കല്‍ക്കട്ട, കെഐഐടി യുണിവേഴ്‌സിറ്റി-ഭൂവനേശ്വര്‍, യൂണിവേഴ്‌സിറ്റി ഓഫ് കല്‍ക്കട്ട-വെസ്റ്റ് ബംഗാള്‍, യൂണിവേഴ്‌സിറ്റി ഓഫ് ബര്‍ധ്വാന്‍- വെസ്റ്റ് ബംഗാള്‍, ശ്രീകുശാല്‍ ദാസ് യൂണിവേഴ്‌സിറ്റി ഹനുമങ്കര്‍-രാജസ്ഥാന്‍, സവിത്രിബായി പൂന യൂണിവേഴ്‌സിറ്റി- മഹാരാഷ്ട്ര, എല്‍എന്‍ഐപിഇ ഗ്വാളിയാര്‍- മദ്ധ്യപ്രദേശ്, രാഷ്ട്രസന്ത് തുഗ്‌ഡോജി മഹാരാജ് യൂണിവേഴ്‌സിറ്റി- നാഗ്പൂര്‍ എന്നീ 16 ടീമുകളാണ് അഖിലേന്ത്യാ അന്തര്‍ സര്‍വകലാശാലാ മത്സരത്തില്‍ മാറ്റുരച്ചത്.
യോഗത്തിൽ അഡ്വ.ഡീൻ കുര്യാക്കോസ് എം. പി, വാത്തിക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിന്ധു ജോസ്, ജില്ലാ പഞ്ചായത്ത് മെമ്പർ ഷൈനി സജി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. സിബിച്ചൻ തോമസ്, വാത്തിക്കുടി ഗ്രാമപഞ്ചായത്ത് അംഗം കെ.എ. അലി, പാവനാത്മ കോളേജ് മാനേജർ റവ : ജോസ് പ്ലാച്ചിക്കൽ , എം ജി യൂണിവേഴ്സിറ്റി സിൻഡിക്കെറ്റ് അംഗം പ്രൊഫ. ബിജു തോമസ്, കണ്ണൂർ യൂണിവേഴ്സിറ്റി പ്രൊഫസർ ഡോ. ജോ ജോസഫ്, പ്രൊഫ. സജി കെ ജോസ് തുടങ്ങിയവർ പങ്കെടുത്തു.