നിരവധി വിനോദസഞ്ചാരികൾ എത്തുന്ന അയ്യപ്പൻകോവിൽ തൂക്കുപാലവും പരിസരപ്രദേശവും പ്ലാസ്റ്റിക് മാലിന്യത്തിൽ വീർപ്പുമുട്ടുന്നു


അയ്യപ്പൻകോവിൽ : നിരവധി വിനോദസഞ്ചാരികൾ എത്തുന്ന അയ്യപ്പൻകോവിൽ തൂക്കുപാലവും പരിസരപ്രദേശവും പ്ലാസ്റ്റിക് മാലിന്യത്തിൽ വീർപ്പുമുട്ടുന്നു.അവധികാലമാകുന്നതോടെ അയ്യപ്പൻ കോവിൽ തൂക്കുപാലം സന്ദർശിക്കാൻ നിരവധി വിനോദസഞ്ചാരികളാണ് ദിനം പ്രതി എത്തുന്നത്. ഇതുവരെ ജില്ലയുടെ ടൂറിസം മേഖലയിൽ ഇടം പിടിക്കാത്ത അയ്യപ്പൻകോവിൽ തൂക്കുപാലം വിനോദസഞ്ചാരമേഖലയായി ഉയർത്താനുള്ള നടപടികൾ നടന്നുവരികയാണ്. എന്നാൽ വികസനത്തിന് വിലങ്ങുതടിയാവും വിധമാണ് ഇവിടത്തെ മാലിന്യ നിക്ഷേപം. തൂക്കുപാലത്തിന്റ പരിസരപ്രദേശങ്ങൾ ഉൾപ്പെടെ അക്കരെ ഇക്കരെ കാഞ്ചിയാർ, അയ്യപ്പൻകോവിൽ പഞ്ചായത്തുകളുടെ പരിതികളിൽപ്പെടുന്നതാണ് എന്നാൽ അയ്യൻകോവിൽ പഞ്ചായത്തിന്റ പരിധിയിലാണ് പ്ലാസ്റ്റിക് മാലിന്യങ്ങൾ മാലിന്യക്കൂമ്പാരമായി കിടക്കുന്നത് …! മാലിന്യങ്ങൾ കൂടികിടക്കാൻ തുടങ്ങിയിട്ട് ദിവസങ്ങൾ പിന്നിട്ടിട്ടും നീക്കം ചെയ്യാൻ പഞ്ചായത്ത് തയ്യാറാവാത്തതിൽ പ്രതിക്ഷേതം ശക്തമാണ്. ഇവിടെയെത്തുന്ന വിനോദസഞ്ചാരികൾക്ക് മാലിന്യം നിക്ഷേപിക്കാനുള്ള സംവിധാനങ്ങൾ പഞ്ചായത്ത് ഒരുക്കിയിട്ടില്ലായെന്ന ആക്ഷേപവും ഉയരുന്നുണ്ട്. സ്വകാര്യ സംഘടനയുടെ ആഭിമുഖ്യത്തിൽ ഇവിടെ സ്ഥാപിച്ച മാലിന്യ നിക്ഷേപ സംവിധാനങ്ങൾ പ്രയോജനരഹിതമായി മാറിയിരിക്കുകയാണ് എന്നും പൊതുപ്രവർത്തകർ ആരോപിക്കുന്നു.
ഇവക്കെല്ലാം പുറമേ ഹരിതകർമ്മസേന ശേഖരിക്കുന്ന മാലിന്യങ്ങളിൽ നിന്ന് വേർതിരിച്ച് ഉപയോഗ ശൂന്യമായ മാലിന്യങ്ങൾ ഇവിടെ തള്ളുന്നതായും പ്രദേശവാസികൾ പറയുന്നു.
ഇവിടെയെത്തുന്ന വിനോദസഞ്ചാരികൾ ഭക്ഷണവിശിഷ്ടങ്ങളും, പ്ലാസ്റ്റിക് പ്ലേറ്റുകളും വലിച്ചെറിയുന്ന പ്രവണതയാണ് ഇപ്പോൾ കണ്ടുവരുന്നത്. കൂടാതെ കുട്ടികളുടെ നാപ്കിൻസ് അടക്കമുള്ള മാലിന്യങ്ങൾ ചാക്കുകളിൽ കൊണ്ട് തള്ളുന്നതും പതിവായി മാറിയിരിക്കുകയാണ് . മാലിന്യ നിക്ഷേപകരെ കണ്ടെത്താൻ പഞ്ചായത്ത് അധികൃതർ കൃത്യമായ ഇടപെടൽ നടത്തുകയും, ഇവിടെയെത്തുന്ന വിനോദസഞ്ചാരികൾക്ക് മാലിന്യനിക്ഷേപത്തിനുള്ള സംവിധാനം ഒരുക്കണമെന്നും, സഞ്ചാരികൾക്ക് കൃത്യമായ വിവരങ്ങൾ നൽകുന്നതിന് സെക്യുരിറ്റി സംവിധാനവും ഏർപ്പെടുത്തണമെന്ന ആവശ്യവും ശക്തമാണ്.