വോൾട്ടേജ് ക്ഷാമം മലർവാടി നിവാസികൾ കരിന്തിരി വെട്ടത്തിൽ
എഴുകുംവയൽ: നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് 18 ,19 വാർഡുകളുടെ അതിർത്തി പ്രദേശങ്ങളായ കുട്ടൻ കവല, മുണ്ടമറ്റം പടി, കുറ്റിയാനിപ്പടി , മലർവാടി പ്രദേശങ്ങളിലെ നൂറോളം കുടുംബങ്ങൾ വോൾട്ടേജ് ക്ഷാമം മൂലം വെളിച്ചം ലഭിക്കാതെ ക്ലേശം അനുഭവിക്കാൻ തുടങ്ങിയിട്ട് നാളേറെ ആയി .
മലർവാടിയിൽ പുതിയ ട്രാൻസ്ഫോർമർ അനുവദിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട് . വോൾട്ടേജ് ക്ഷാമം മൂലം കാർഷിക ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നതിനും വിദ്യാർത്ഥികളുടെ പഠന ആവശ്യങ്ങൾ നിറവേറ്റുന്നതിനും മോട്ടോർ പമ്പ് സെറ്റുകൾ പ്രവർത്തിപ്പിക്കുന്നതിനും പ്രദേശവാസികൾ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. മലർവാടിയിൽ ട്രാൻസ്ഫോർമർ അനുവദിക്കുന്നതിന് കേരള കോൺഗ്രസ് ഉടുമ്പൻ ചോല നിയോജകമണ്ഡലം പ്രസിഡൻറ് ജിൻസൺ വർക്കിയുടെ നേതൃത്വത്തിൽ നാട്ടുകാർ നിവേദനം നൽകിയതായും എന്നാൽ ത്രീ ഫെയ്സ് ലൈൻ വലിക്കുന്നതിനുള്ള നടപടികൾക്കേ അനുമതി ലഭിച്ചിട്ടുള്ളൂ എന്നും , വോൾട്ടേജ് ക്ഷാമത്തിന് ശാശ്വത പരിഹാരം ലഭിക്കണമെങ്കിൽ മലർവാടിയിൽ പുതിയ ട്രാൻസ്ഫോർമർ അനുവദിച്ചേ മതിയാകൂ എന്നും എഴുകുംവയൽ വികസന സമിതി ഭാരവാഹികളായ ജോണി പുതിയാപറമ്പിൽ , മേജോ മുണ്ടമറ്റം, സോണി കുറ്റിയാനി, മാത്യൂസ് കോലോത്ത്, ബെന്നിച്ചൻ കൊച്ചുപുര എന്നിവർ വൈദ്യുതി ബോർഡ് അധികൃതരോട് ആവശ്യപ്പെട്ടു .