10 ദിവസം, 5 ലക്ഷം സഞ്ചാരികൾ; ഇടുക്കിയിലേക്ക് ഒഴുകി


ഇടുക്കിയില്‍ വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന. കഴിഞ്ഞ പത്ത് ദിവസത്തിനിടെ അഞ്ച് ലക്ഷത്തിലധികം സഞ്ചാരികള്‍ വന്നുപോയെന്നാണ് ടൂറിസം വകുപ്പിന്‍റെ കണക്ക്. ഡിറ്റിപിസിയുടെ ടിക്കറ്റ് കൗണ്ടറുകളില്‍ മാത്രം രണ്ട് ലക്ഷത്തിലധികം പേര്‍ എത്തിയെന്നും ടൂറിസം വകുപ്പ് വിശദീകരിച്ചു.
കഴിഞ്ഞ ഡിസംബര്‍ 21 മുതല്‍ ജനുവരി ഒന്ന് വരെയുള്ള കണക്കുകളാണിവ. ഡിറ്റിപിസി, ഹൈഡല്‍ ടൂറിസം, വനംവകുപ്പ് എന്നിവയുടെ സെന്‍ററുകളിലായാണ് അഞ്ച് ലക്ഷം പേര്‍ എത്തിയത്. മൂന്നാര്‍, വാഗമണ്‍, രാമക്കല്‍മേട്, പരുന്തുംപാറ തുടങ്ങി വിവിധയിടങ്ങളില്‍ വന്‍ തിരക്കായിരുന്നു. രാമക്കല്‍മേട് മാത്രം അര ലക്ഷത്തിലധികം പേര്‍ സന്ദര്‍ശിച്ചുവെന്നാണ് ഡിറ്റിപിസിയുടെ കണക്കുകൂട്ടല്‍. കൂടാതെ ഇടുക്കി, ചെറുതോണി ഡാമുകള്‍ സന്ദര്‍ശകര്‍ക്കായി തുറന്നതും ആകര്‍ഷകമായി. ക്രിസ്തുമസും പുതുവത്സരവും പ്രമാണിച്ചാണ് സഞ്ചാരികള്‍ എത്തിയത്.
ജനുവരി പകുതി വരെ ഈ തിരക്ക് തുടര്‍ന്നേക്കും. ഇടുക്കി ജില്ലാ രൂപീകരണത്തിന്‍റെ അമ്പതാം വാര്‍ഷികം പ്രമാണിച്ച് സംഘടിപ്പിക്കുന്ന ടൂറിസം ഫെസ്റ്റ് കൂടിയാകുമ്പോള്‍ തിരക്ക് വീണ്ടും കൂടും.