2023ൽ കുതിക്കാൻ ഇടുക്കി
ഒട്ടേറെ സ്വപ്നങ്ങളും പ്രതീക്ഷകളുമായാണ് പുതുവര്‍ഷം പടികടന്നെത്തുന്നത്. നാടിന്‍റെ വളര്‍ച്ചക്ക് ആദ്യമായി വേണ്ടത് അടിസ്ഥാന സൗകര്യ വികസനമാണ്.ഇതില്‍ ഇടുക്കി വളരെയേറെ മുന്നോട്ട് പോയെങ്കിലും റോഡ്, വൈദ്യുതി, വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ എന്നിവ അപ്രാപ്യമായ ഇടങ്ങള്‍ ജില്ലയില്‍ ഇപ്പോഴുമുണ്ട്. അടുത്ത കാലങ്ങളില്‍ ഒട്ടേറെ പദ്ധതികള്‍ ഇടുക്കിയുടെ വികസനത്തിന് കുതിപ്പേകിയിട്ടുണ്ട്. അതേ സമയം ചിലത് പ്രഖ്യാപനങ്ങളായി നിലനില്‍ക്കുന്നു. പുതു വര്‍ഷ ദിനത്തില്‍ ജില്ലയിലെ ജനപ്രതിനിധികള്‍ വികസനവുമായി ബന്ധപ്പെട്ടും നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതികളെക്കുറിച്ചും ‘മാധ്യമ’ത്തോട് സംസാരിക്കുന്നു
മിനി സിവില്‍ സ്റ്റേഷന്‍ മുതല്‍ റോഡുകള്‍ വരെ -മന്ത്രി റോഷി അഗസ്റ്റിന്‍ (ഇടുക്കി എം.എല്‍.എ)
പുതിയ വര്‍ഷത്തില്‍ പുതിയ പ്രതീക്ഷകളുമായി നിരവധി പദ്ധതികളാണ് ഇടുക്കി മണ്ഡലത്തില്‍ ആവിഷ്കരിച്ചു നടപ്പാക്കാന്‍ പോകുന്നത്. ഇതില്‍ ഏറ്റവും പ്രധാനം ടൂറിസം പദ്ധതികളും ഇടുക്കി മിനി സിവില്‍ സ്റ്റേഷന്‍ നിര്‍മാണവുമാണ്. ഈ വര്‍ഷം തന്നെ ഇതിന്‍റെ പ്രാരംഭ നടപടികള്‍ ആരംഭിക്കും. എത്രയും വേഗം പദ്ധതി പൂര്‍ത്തിയാക്കാനാണ് ശ്രമിക്കുന്നത്. ഇതിലൂടെ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ പ്രവര്‍ത്തനം ഒരു കുടക്കീഴിലാക്കാന്‍ സാധിക്കും. അതുവഴി ജനങ്ങള്‍ക്ക് സര്‍ക്കാര്‍ ഓഫിസുകളിലെ സേവനം കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ ലഭ്യമാകും. ചെറുതോണിയില്‍ കെ.എസ്.ആര്‍.ടി.സി ഓപ്പറേറ്റിങ് സെന്‍റര്‍ ഉടന്‍ ആരംഭിക്കും. കട്ടപ്പന മിനി സിവില്‍ സ്റ്റേഷന്‍ രണ്ടാംഘട്ടം നിര്‍മാണമാണ് ഈ വര്‍ഷത്തെ മറ്റൊരു പ്രധാന പദ്ധതി. പ്രവര്‍ത്തനം ആരംഭിച്ച ഇടുക്കി മെഡിക്കല്‍ കോളജില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുക എന്നതാണ് മറ്റൊരു പ്രധാന ലക്ഷ്യം. കാഞ്ഞാര്‍ പാലത്തിന് നടപ്പാലം എന്ന ജനങ്ങളുടെ ആവശ്യം ഈ വര്‍ഷം തന്നെ പൂര്‍ത്തിയാക്കാന്‍ സാധിക്കും. ബജറ്റില്‍ പ്രഖ്യാപിച്ച ഇറിഗേഷന്‍ മ്യൂസിയത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ഇത് യാഥാര്‍ഥ്യമാകുന്നതോടെ ജില്ലയിലെ ടൂറിസത്തിന് കൂടുതല്‍ ഉണര്‍വേകും.
വികസന കുതിപ്പുണ്ടാകും -ഡീന്‍ കുര്യാക്കോസ് ( എം.പി)
പുതുവര്‍ഷത്തെ ഏറെ പ്രതീക്ഷയോടെയാണ് നോക്കി കാണുന്നത്. ജില്ലയെ സംബന്ധിച്ച് കരുതല്‍ മേഖല പ്രശ്നങ്ങളും കാര്‍ഷിക വിലത്തകര്‍ച്ചയും ഭൂ വിഷയങ്ങളും നിലനില്‍ക്കുന്നുണ്ട്. ഇതിനെല്ലാം ഒരു പരിഹാരം കാണാന്‍ ഈ വര്‍ഷം കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. വികസന കാര്യത്തില്‍ ദേശീയ പാത കൊച്ചി- മൂന്നാര്‍ 910 കോടിയുടെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചത് നേട്ടമാണ്. നേര്യമംഗലത്ത് പുതിയ പാലവും അനുവദിക്കപ്പെട്ടിട്ടുണ്ട്. ചെറുതോണിയില്‍ നിര്‍മാണത്തിലിരിക്കുന്ന പാലം മാര്‍ച്ച് മാസത്തോടെ ഉദ്ഘാടനം നിര്‍വഹിക്കാന്‍ കഴിയും. അടിമാലി- മുതല്‍ കുമളി വരെയുള്ള ദേശീയ പാതയുടെ വികസന പദ്ധതികള്‍ അന്തിമ ഘട്ടത്തിലാണ്. ഇടുക്കിയുടെ ആദ്യ കാല കുടിയേറ്റ റോഡായ ഉടുമ്ബന്നൂര്‍-മണിയാറന്‍ കുടി റോഡിന്‍റെ നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ കഴിയും. കട്ടപ്പനയില്‍ ഇ.എസ്.ഐ ആശുപത്രി അനുവദിക്കപ്പെട്ടിട്ടുണ്ട്. ഇതിന്‍റെ നടപടികളും വേഗത്തിലാക്കും. ഇടമലക്കുടിയില്‍ പുതിയ സ്കൂള്‍ കെട്ടിടം നിര്‍മിക്കാന്‍ കഴിയുന്ന പ്രവര്‍ത്തനങ്ങളും കൊച്ചിന്‍ഷിപ്യാര്‍ഡിന്‍റെ സഹായത്തോടെ നടപ്പാക്കും. ജില്ലയിലെ ആദിവാസി പിന്നാക്ക മേഖലയില്‍ മൊബൈല്‍ ടവറുകള്‍ സ്ഥാപിക്കുന്നതും ഈ വര്‍ഷം പൂര്‍ത്തിയാക്കാന്‍ കഴിയും. ശബരി റെയില്‍വേയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിച്ച് തുടര്‍ നടപടികള്‍ ആരംഭിക്കുന്നതിനുള്ള നടപടികളും പുരോഗതിയിലാണ്.
തോട്ടം – കാര്‍ഷിക മേഖലകളുടെ ഉന്നമനം ലക്ഷ്യം -എ.രാജ (ദേവികുളം എം.എല്‍.എ)
ദേവികുളം മണ്ഡലത്തിന്‍റെ സമഗ്ര വികസനമാണ് 2023 ല്‍ ലക്ഷ്യമിടുന്നത്. ഗോത്ര വര്‍ഗക്കാരുടെയും തോട്ടം – കാര്‍ഷിക മേഖലയിലെ കര്‍ഷകരുടെയും തൊഴിലാളികളുടെയും ഉന്നമനം ലക്ഷ്യമാക്കിയാകും മുഖ്യമായ പ്രവര്‍ത്തനം . 2010ല്‍ നിലവില്‍ വന്ന ഇടമലക്കുടി പഞ്ചായത്ത് ഇപ്പോഴും ശൈശവാസ്ഥയിലാണ് നില്‍ക്കുന്നത്. പ്രശ്നത്തിന് പരിഹാരമെന്ന നിലയില്‍ പഞ്ചായത്ത് ആസ്ഥാനം ദിവസങ്ങള്‍ക്കകം ഇടമലക്കുടിയിലേക്ക് മാറ്റും. ഇവിടേക്ക് റോഡ് നിര്‍മാണവും ഉടന്‍ പൂര്‍ത്തിയാക്കും. മൂന്നാറില്‍ തൂക്കുപാലം, പള്ളിവാസല്‍ പഞ്ചായത്തില്‍ ലോക നിലവാരത്തില്‍ സിന്തറ്റിക് ട്രാക്ക് ഉള്‍പ്പെടെ ഗ്രൗണ്ട് എന്നിവ ഈ വര്‍ഷം തന്നെ യാഥാര്‍ഥ്യമാക്കാന്‍ കഴിയും. മൂന്നാര്‍ ഫ്ലൈ ഓവര്‍ നിര്‍മാണം, 12.5 കോടി രൂപ കിഫ്ബി ഫണ്ട് ഉപയോഗിച്ച് അടിമാലി താലൂക്ക് ആശുപത്രി വികസനം, ഒ.പി യൂനിറ്റ്, ഡയാലിസിസ് സെന്‍റര്‍, മറ്റു സൗകര്യങ്ങള്‍ മെച്ചപ്പെടുത്തല്‍ എന്നിവയും ലക്ഷ്യത്തിലുണ്ട്. അടിമാലി റവന്യൂ ടവര്‍ നിര്‍മാണം, അടിമാലി അമ്മയും കുഞ്ഞും ആശുപത്രി നിര്‍മാണം എന്നിവയിലും നടപടികള്‍ സ്വീകരിച്ചു വരുന്നു.
പൂട്ടിക്കിടക്കുന്ന തോട്ടങ്ങള്‍ തുറക്കുക ലക്ഷ്യം- വാഴൂര്‍ സോമന്‍ (പീരുമേട് എം.എല്‍.എ)
പീരുമേട് മണ്ഡലത്തില്‍ തോട്ടങ്ങളില്‍ ചിലത് പൂട്ടിക്കിടക്കാന്‍ തുടങ്ങിയിട്ട് 22 വര്‍ഷത്തോളമായി. ഇവ തുറപ്പിക്കാനുള്ള നടപടികളാണ് ഈ വര്‍ഷം ലക്ഷ്യം വെക്കുന്നത്. ഇത് സംബന്ധിച്ച ചര്‍ച്ചകളും നടക്കുന്നുണ്ട്.
തകര്‍ന്നുകിടക്കുന്ന തോട്ടം മേഖലയിലെ റോഡുകള്‍ ഗതാഗതയോഗ്യമാക്കുകയാണ് അടുത്തത്. പല റോഡുകളും തകര്‍ന്ന് തരിപ്പണമായി കിടക്കുകയാണ്. കാര്‍ഷിക മേഖല നാണ്യവിളകളുടെ വിലത്തകര്‍ച്ചമൂലം വലിയ കെടുതിയിലാണ്. അവര്‍ക്കായി പദ്ധതികള്‍ ആസൂത്രണം ചെയ്യും. ഏലപ്പാറ ആശുപത്രിയുടെ നിര്‍മാണ ജോലികള്‍ പുരോഗമിക്കുന്നു. ഉപ്പുതറ ആശുപത്രിയില്‍ 10 കോടിയുടെ നിര്‍മാണം നടക്കുന്നു. വിദ്യാഭ്യാസ രംഗത്ത് ഭാഷാന്യൂനപക്ഷങ്ങള്‍ക്ക് ഉന്നത പഠനത്തിന് സൗകര്യമൊരുക്കും. ഒരു തമിഴ് അക്കാദമിക്കായി ആവശ്യമുന്നയിച്ചിട്ടുണ്ട്. ഒമ്ബത് പഞ്ചായത്തില്‍ 1800 കോടി കുടിവെള്ളത്തിനായി അനുവദിച്ചിട്ടുണ്ട്. കൊക്കയാര്‍, പെരുവന്താനം പഞ്ചായത്തിലും കുടിവെള്ള ടാങ്കുകള്‍ നിര്‍മിക്കും. ഈ വര്‍ഷം മണ്ഡലത്തിലെ കുടിവെള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയും. ശബരിമല സത്രം എയര്‍സ്ട്രിപ്പില്‍ ഹെലി ടൂറിസം പദ്ധതിയെക്കുറിച്ച് ആലോചിക്കുന്നുണ്ട്. ഇതും യാഥാര്‍ഥ്യമാക്കാന്‍ നടപടി കൊക്കൊള്ളും.
ആരോഗ്യത്തിനും ഗതാഗതത്തിനും മുന്‍ഗണന -എം.എം. മണി (ഉടുമ്ബന്‍ചോല എം.എല്‍.എ)
ആരോഗ്യമേഖലക്കും റോഡ് ഗതാഗതത്തിനും കുതിപ്പ് നല്‍കുന്ന വിവിധ പദ്ധതികള്‍ പുതുവര്‍ഷത്തില്‍ യാഥാര്‍ഥ്യമാക്കാന്‍ കഴിയും. നെടുങ്കണ്ടം ജില്ല ആശുപത്രിയുടെ ആദ്യ ബ്ലോക്ക് നാടിന് സമര്‍പ്പിക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്.
ആന്‍ജിയോ പ്ലാസ്റ്റി അടക്കം സേവനം ഇവിടെ ലഭിക്കും. കൂടാതെ 50 കിടക്കകളും ഉണ്ടാകും. വെന്‍റിലേറ്റര്‍ സൗകര്യമുള്ള ബ്ലോക്ക് ഏപ്രിലിന് മുമ്ബ് ഉദ്ഘാടനം ചെയ്യാനാണ് നീക്കം നടക്കുന്നത്. പുതുവര്‍ഷത്തിന്‍റെ ആദ്യം തന്നെ നത്തുകല്ല് – അടിമാലി റോഡ് യാഥാര്‍ഥ്യമാക്കും . നത്തുകല്ല്, ഇരട്ടയാര്‍, ഈട്ടിതോപ്പ്, ചിന്നാര്‍, പണിക്കന്‍കുടി വഴി അടിമാലിക്കുള്ള റോഡാണിത്.
മേജര്‍ റോഡുകളുടെയെല്ലാം നിര്‍മാണം പൂര്‍ത്തിയാക്കും. കമ്ബംമെട്ട് – വണ്ണപ്പുറം റോഡിന്‍റെ നിര്‍മാണോദ്ഘാടനം ജനുവരിയില്‍ നടക്കും. കമ്ബംമെട്ട്, ശാന്തിപുരം തൂക്കുപാലം, കല്ലാര്‍ ,എഴുകുംവയല്‍ വഴി ശാന്തിപുരം റോഡാണിത്. ഗതാഗത മേഖലയിലെ കുതിച്ച് ചാട്ടം മറ്റ് വികസന പ്രവര്‍ത്തനങ്ങള്‍ക്കും വേഗം കൂട്ടും.
തൊടുപുഴ ഇനിയും വളരും -പി.ജെ. ജോസഫ് (തൊടുപുഴ എം.എല്‍.എ)
തൊടുപുഴയില്‍ ഒരു സ്‌റ്റേഡിയം എന്നത് എക്കാലത്തെയും ആഗ്രഹമാണ്. ഇത് യാഥാര്‍ഥ്യമാക്കാനുള്ള നടപടികള്‍ ഊര്‍ജിതമാക്കും. തൊടുപുഴ മാരിയില്‍ക്കലുങ്ക് പാലം, അപ്രോച് റോഡ് നിര്‍മാണം പൂര്‍ത്തിയാക്കി ഗതാഗതത്തിനായി തുറന്ന് കൊടുക്കും. പാപ്പുട്ടി ഹാള്‍ – വെങ്ങല്ലൂര്‍ ബൈപാസ് അവശേഷിക്കുന്ന ജോലികള്‍ പൂര്‍ത്തിയാക്കും. തൊടുപുഴ മുണ്ടേക്കല്ലില്‍ മിനി സിവില്‍ സ്റ്റേഷന്‍ അനക്സ് നിര്‍മാണം ആരംഭിക്കും.
കാരിക്കോട് – അഞ്ചിരി – ആനക്കയം – കാഞ്ഞാര്‍ റോഡ് ആധുനിക രീതിയില്‍ നിര്‍മിക്കാന്‍ നടപടി സ്വീകരിക്കും.
പ്രധാന പൊതുമരാമത്ത് റോഡുകളുടെ നവീകരണം കൂടാതെ മുട്ടം ബൈപാസ്, പെരുമാങ്കണ്ടം – കോട്ട റോഡ് നിര്‍മാണം എന്നിവക്കായി നടപടി കൈക്കൊള്ളും. മലങ്കര ടൂറിസം പദ്ധതിക്കായി കേന്ദ്രാനുമതി നേടിയെടുക്കേണ്ടതുണ്ട്. തൊടുപുഴ ജില്ല ആശുപത്രിയുടെ വിപുലീകരണത്തിന് നടപടി സ്വീകരിക്കും. കാരിക്കോട് – ചുങ്കം ബൈപാസിനുള്ള (കാരിക്കോട് – മുതലിയാര്‍മഠം – കാഞ്ഞിരമറ്റം – മാരിയില്‍കലുങ്ക് പാലം – ഡിവൈന്‍ മേഴ്സി വഴി ചുങ്കം) നടപടികള്‍ക്കും തുടക്കം കുറിക്കും.
തേക്കടിയില്‍ തിമിര്‍ത്ത് സഞ്ചാരികള്‍
കുമളി: പുതുവര്‍ഷത്തോടനുബന്ധിച്ച് വിനോദസഞ്ചാരികളാല്‍ നിറഞ്ഞ് തേക്കടി. തടാകത്തിലെ ബോട്ട് സവാരിക്കൊപ്പം പെരിയാര്‍ കടുവ സങ്കേതത്തിലെ വിവിധ ഇക്കോ ടൂറിസം പരിപാടികളിലും സഞ്ചാരികളുടെ വന്‍ പങ്കാളിത്തമുണ്ട്.
കടുവ സങ്കേതത്തിനുള്ളില്‍ വിനോദ സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്ന കടുവയെത്തേടിയുള്ള കാട്ടിനുള്ളിലെ താമസവും യാത്രയുമായ ടൈഗര്‍ ട്രയല്‍, ഉള്‍ക്കാട്ടിലെ സാഹസിക മുളം ചങ്ങാട യാത്രയായ ബാംബൂറാഫ്റ്റിങ്, കാട്ടിനുള്ളിലെ കാഴ്ചകള്‍ കണ്ട് നടക്കുന്ന നേച്വര്‍ വാക്എന്നിങ്ങനെ മുഴുവന്‍ പരിപാടികളിലും സഞ്ചാരികളുടെ വലിയ പങ്കാളിത്തമാണ് ദിവസങ്ങളായി തുടരുന്നത്. വനത്തിനുള്ളിലെ വിവിധ താമസ കേന്ദ്രങ്ങളില്‍ ഈ മാസം 15 വരെ മുറികള്‍ ഒഴിവില്ലാത്ത വിധം മുന്‍കൂട്ടി ബുക്ക് ചെയ്തു കഴിഞ്ഞിരിക്കുന്നു.
രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ വിനോദ സഞ്ചാരികള്‍ക്കൊപ്പം രണ്ടു വര്‍ഷം നീണ്ട ഇടവേളക്കൊടുവില്‍ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള വിനോദ സഞ്ചാരികളും വന്നു തുടങ്ങിയത് വലിയ ഉണര്‍വാണ് ഈ മേഖലക്ക് നല്‍കിയത്. തേക്കടിയിലെത്തിയ സഞ്ചാരികള്‍ തേക്കടിയിലെ കാഴ്ചകള്‍ ആസ്വദിച്ച ശേഷം സമീപ പ്രദേശമായ സത്രം, ഒട്ടകത്തലമേട്, തമിഴ്നാട് തേനി ജില്ലയിലെ കമ്ബത്തിനു സമീപമുള്ള മുന്തിരിത്തോട്ടം ,കൃഷിയിടങ്ങള്‍, ചുരുളി വെള്ളച്ചാട്ടം എന്നിവയെല്ലാം സന്ദര്‍ശിച്ചാണ് മടങ്ങി പോകുന്നത്.
ഇടവേളക്കു ശേഷം തേക്കടിയെ തേടി സഞ്ചാരികള്‍ കൂട്ടത്തോടെ എത്തിയത് സാമ്ബത്തിക മേഖലയിലും ഉണര്‍വിനിടയാക്കിയിട്ടുണ്ട്.
2022 ന് വിട; പുതുവര്‍ഷം ആഘോഷമാക്കി ഇടുക്കി
തൊടുപുഴ: പുത്തന്‍ പ്രതീക്ഷകളുമായെത്തിയ പുതുവര്‍ഷത്തെ ആവേശത്തോടെ വരവേറ്റ് ഇടുക്കി. ആടിയും പാടിയും പടക്കം പൊട്ടിച്ചും ആശംസകള്‍ നേര്‍ന്നും മലയോര ജനത പുതുവര്‍ഷത്തെ ഹൃദയത്തോട് ചേര്‍ത്തു. അര്‍ധ രാത്രിയുടെ തണുപ്പില്‍ 2023 പിറന്നപ്പോള്‍ എങ്ങും ആരവമുയര്‍ന്നു. വിവിധ ക്ലബുകളുടെയും റസിഡന്റ്സ് അസോസിയേഷനുകളുടെയും മറ്റും നേതൃത്വത്തില്‍ ആഘോഷ പരിപാടികളും പുതുവത്സരത്തോടനുബന്ധിച്ചു നടന്നു. വിദേശികളും സ്വദേശികളുമായ വിനോദസഞ്ചാരികളടക്കം ആയിരങ്ങള്‍ ജില്ലയിലെ ആഘോഷങ്ങളില്‍ പങ്കുചേര്‍ന്നു.
പുതുവര്‍ഷത്തെ വരവേല്‍ക്കാനുള്ള ആവേശത്തിലായിരുന്നു ശനിയാഴ്ച മുതല്‍ നാടും നഗരവുമെല്ലാം. വൈകീട്ടോടെ വിവിധ സ്ഥലങ്ങളിലും ഹോട്ടലുകളിലും ആഘോഷപരിപാടികള്‍ തുടങ്ങി. സൗഹൃദകൂട്ടായ്മകളും സംഗീത നിശകളും ഉള്‍പ്പെടെ കലാപരിപാടികളും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ അരങ്ങേറി. ജില്ലയിലെ റിസോര്‍ട്ടുകളിലും ഹോംസ്റ്റേകളിലുമടക്കം വിപുലമായ ആഘോഷ പരിപാടികളാണ് നടന്നത്. പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലെല്ലാം തിരക്ക് അനുഭവപ്പെട്ടു. ദൂരെ സ്ഥലങ്ങളില്‍ നിന്നു വരെ ഒട്ടേറെപ്പേര്‍ പുതുവര്‍ഷം ആഘോഷിക്കാന്‍ ഇടുക്കിയിലേക്ക് എത്തിയിരുന്നു.
പുതുവത്സരം കണക്കിലെടുത്ത് ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ പൊലീസ് ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരുന്നത്. ശനിയാഴ്ച വൈകീട്ട് മുതല്‍ ഞായറാഴ്ച പുലര്‍ച്ച വരെ പ്രത്യേക നിരീക്ഷണവും പട്രോളിങ്ങും തുടര്‍ച്ചയായ വാഹനപരിശോധനയും ജില്ലയില്‍ നടത്തി. മോട്ടോര്‍ വാഹന വകുപ്പും പുതുവര്‍ഷം കണക്കിലെടുത്ത് രാത്രി വാഹനപരിശോധന കര്‍ശനമാക്കിയിരുന്നു. വ്യാജമദ്യ-ലഹരി മരുന്ന് കടത്തും വില്‍പനയും തടയാന്‍ എക്സൈസും ഏറെ ജാഗ്രത പുലര്‍ത്തി.
മൂന്നാറില്‍ എത്തിയത് ആയിരങ്ങള്‍
മൂന്നാര്‍: തെക്കിന്‍റെ കശ്മീരായ മൂന്നാറില്‍ പുതുവത്സരം ആഘോഷിക്കാന്‍ എത്തിയത് ആയിരങ്ങള്‍. മൂന്നാറിന്‍റെ കുളിര് നുകര്‍ന്ന് പുതുവല്‍സരം ആഘോഷിക്കാന്‍ റിസോര്‍ട്ടുകളും ക്ലബുകളും വലിയ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. വിദേശ രാജ്യങ്ങളില്‍ ഉള്ളവരടക്കം മൂന്നാറിലെത്തിയിരുന്നു. ഒരാഴ്ചയായി ലോഡ്ജുകളും റിസോര്‍ട്ടുകളും നിറഞ്ഞ നിലയിലാണ്. തിരക്ക് മൂലം വാഹനക്കുരുക്കുണ്ട്. വരയാടുകളുടെ സംരക്ഷണ കേന്ദ്രമായ രാജമല, മാട്ടുപ്പെട്ടി ഡാം, എക്കോപോയന്‍റായ കുണ്ടള, ടോപ്സ്റ്റേഷന്‍, ശീതകാല പച്ചക്കറി കൃഷിയുടെ കലവറയായ വട്ടവട, ചന്ദനക്കാടായ മറയൂരിലെ വിസ്മയക്കാഴ്ചകള്‍, ചിന്നാര്‍ വന്യജീവി സങ്കേതം, ആനയിറങ്കല്‍ ഡാം എന്നിവിടങ്ങളെല്ലാം ശനിയാഴ്ച സന്ദര്‍ശകരെക്കൊണ്ട് നിറഞ്ഞിരുന്നു.