പോലീസ് കാന്റീനുകള്‍ അടച്ചുപൂട്ടി; ഉദ്യോഗസ്‌ഥര്‍ പ്രതിസന്ധിയിൽ
നെടുങ്കണ്ടം: ജനങ്ങള്‍ക്കും പോലീസ് ഉദ്യോഗസ്‌ഥര്‍ക്കും കുറഞ്ഞ ചെലവില്‍ ഗുണമേന്മയുളള ഭക്ഷണം നല്‍കിയിരുന്ന പോലീസ് കാന്റീനുകള്‍ അടച്ചുപൂട്ടിയതോടെ സ്വന്തം നിലയില്‍ വായ്‌പയെടുത്ത് പ്രസ്‌ഥാനം നടത്തിയ പോലീസ് ഉദ്യോഗസ്‌ഥര്‍ പ്രതിസന്ധിയിലായി.സംഭവത്തില്‍ സേനാംഗങ്ങള്‍ക്കിടയില്‍ പ്രതിഷേധം ശക്‌തമാകുന്നുണ്ട്.
കാന്റീന്‍ നിര്‍മാണത്തിനായി പോലീസ് ഉദ്യോഗസ്‌ഥര്‍ സ്വന്തം നിലയ്‌ക്ക് എടുത്തുനല്‍കിയ വായ്‌പകള്‍ മുടങ്ങി, പലിശ ബാധ്യത വര്‍ധിച്ചതാണ് ഉദ്യോഗസ്‌ഥര്‍ക്കിടയിലെ പ്രതിഷേധത്തിന് കാരണം. പലയിടത്തും ഇടുക്കി ജില്ലാ പോലീസ് സഹകരണ സംഘത്തില്‍നിന്നും ഉദ്യോഗസ്‌ഥരുടെ ശമ്ബള സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ഒരു ലക്ഷം മുതല്‍ അഞ്ചുലക്ഷം വരെ സ്വന്തം നിലയ്‌ക്ക് വായ്‌പയെടുത്ത ഉദ്യോഗസ്‌ഥരുണ്ട്. കെട്ടിട നിര്‍മാണത്തിനും മറ്റു വസ്‌തുക്കളും വാങ്ങാനായി 40 ലക്ഷം രൂപവരെ ചിലയിടങ്ങളില്‍ ഇങ്ങനെ എടുത്തിരുന്നു.
എന്നാല്‍ കാന്റീനുകള്‍ പൂട്ടിയതോടെ അടവ് മുടങ്ങി. ഇതോടെ പലയിടത്തും പലിശഭാരം വന്‍തോതില്‍ കൂടുകയും അസോസിയേഷനുകള്‍ക്ക് ഇത് ബാധ്യതയാകുകയും ചെയ്‌തു.
മുതലും പലിശയും ചേര്‍ത്ത് 20-32 ലക്ഷം വരെ പലയിടത്തും ബാധ്യതയുണ്ട്. ജില്ലയില്‍ നെടുങ്കണ്ടം, മൂന്നാര്‍, കട്ടപ്പന, പീരുമേട്, തൊടുപുഴ, അടിമാലി എന്നിവിടങ്ങളിലാണ് പോലീസ് കാന്റീനുകള്‍ പ്രവര്‍ത്തിച്ചിരുന്നത്. ഉദ്യോഗസ്‌ഥര്‍ക്ക് സബ്‌സിഡി നിരക്കിലും പൊതുജനങ്ങള്‍ക്ക് കുറഞ്ഞ നിരക്കിലും ഇവിടെനിന്നും ഭക്ഷണം ലഭിച്ചിരുന്നു.
കട്ടപ്പനയില്‍ ആധുനിക സംവിധാനത്തില്‍ കാന്റീന്‍ നിര്‍മാണം നടത്തി മാസങ്ങള്‍ പിന്നിട്ടപ്പോഴാണ് ചില പോലീസ് കാന്റീനുകളിലെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി അന്നത്തെ ജില്ലാ പോലീസ് മേധാവി കറുപ്പുസ്വാമി 2019ല്‍ പോലീസ് കാന്റീനുകള്‍ അടച്ചു പൂട്ടുകയായിരുന്നു. പൂട്ടിയശേഷം കുടുംബശ്രീയെ ഏല്‍പ്പിച്ച് തുറക്കാന്‍ ശ്രമിച്ചെങ്കിലും സര്‍ക്കാര്‍ തലത്തില്‍ ഇതിന് തീരുമാനമായില്ല.