പുതുവത്സരാഘോഷത്തിന്‍റെ തിരക്ക് മുന്നില്‍ കണ്ടുള്ള ക്രമീകരണങ്ങള്‍ ഒരുക്കാതെ കൊച്ചി അധികൃതര്‍
കൊച്ചി: പുതുവത്സരാഘോഷത്തിന്‍റെ തിരക്ക് മുന്നില്‍ കണ്ടുള്ള ക്രമീകരണങ്ങള്‍ ഒരുക്കാതെ കൊച്ചി അധികൃതര്‍ . ഇരുപതിനായിരം ജനങ്ങളെ ഉള്‍ക്കൊള്ളിക്കാവുന്ന പരേഡ് ഗ്രൗണ്ടില്‍ തിങ്ങി നിറഞ്ഞത് നാല് ലക്ഷത്തോളം പേരെന്ന് കണക്കുകള്‍.
ആഘോഷ ലഹരിയില്‍ ആനന്ദ നൃത്തം ചെയ്തും പാപ്പാഞ്ഞി യെ കത്തിച്ചും പുതുവത്സരത്തെ സ്വാഗതം ചെയ്ത ശേഷം ഗ്രൗണ്ടില്‍ നിന്ന് പുറത്തുവരാന്‍ കഴിയാതെ ശ്വാസംമുട്ടി പിടഞ്ഞത് പതിനായിരങ്ങളാണ്. ഇരുപത് പേരെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരക്കില്‍പ്പെട്ട് ഒറ്റപ്പെട്ടുപോയ അഞ്ച് കുട്ടികളുടെ മാതാപിതാക്കളെ പൊലീസ് സ്റ്റേഷനില്‍ വിളിച്ചു വരുത്തിയാണ് കൈമാറിയത്. തിരക്കില്‍ നിന്ന് പുറത്തുവരാനുള്ള തത്രപാടില്‍ പലയിടങ്ങളിലും താല്‍കാലിക ബാരികേഡുകള്‍ തകര്‍ന്നു. പൊലീസിന്‍റെ നിയന്ത്രണവും കൈവിട്ടതോടെ സംഗതി വഷളായി.
മൈതാനത്ത് നിന്നും പുറത്ത് ഇറങ്ങാനുള്ള വഴികള്‍ അടച്ചതാണ് ആളുകളെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയത്. കേരളത്തിലെ ഏറ്റവും വലിയ പുതുവത്സരാഘോഷം നടക്കുന്ന സ്ഥലം കൂടിയാണ് ഫോര്‍ട്ട് കൊച്ചി. കാര്‍ണിവല്‍ നടത്തിപ്പിനായി ആദ്യം നിയമിച്ച സബ് കലക്ടര്‍ ചുമതലയില്‍ നിന്ന് മാറിയതിന് പിന്നാലെ പകരം നിയമിതനായ ഉദ്യോഗസ്ഥനും സ്ഥാനമൊഴിഞ്ഞിരുന്നു. ഇതോടെ ഏറ്റവും ഒടുവില്‍ ചുമതലയിലേക്ക് വന്നവര്‍ക്ക് പരിപാടി കൃത്യമായി ഏകോപിക്കാന്‍ സാധ്യമായില്ല.