തൊഴിലാണ് ദൈവം! ഉന്തുവണ്ടിയിൽ കുടിവെള്ളവുമായി സന്തോഷ് എത്തി തുടങ്ങിയിട്ട് 36 വർഷം
കോട്ടയം : പൊൻകുന്നം ടൗണിലെ കടകൾ എല്ലാം പ്രവർത്തനമാരംഭിക്കണമെങ്കിൽ ഉന്തുവണ്ടിയിൽ വെള്ളവുമായി സന്തോഷ് എത്തണം. കഴിഞ്ഞ 36 വർഷമായി ആത്മസംതൃപ്തിയോടെ അദ്ദേഹം ഈ ജോലി ചെയ്യുന്നു. കുടിവെള്ളമെത്തിക്കാൻ പല ആധുനിക സൗകര്യങ്ങളും ഇന്ന് ലഭ്യമാണെങ്കിലും, ജോലി ഉപേക്ഷിക്കുന്നതിനെക്കുറിച്ച് അദ്ദേഹം ചിന്തിച്ചിട്ടേയില്ല.
ചെറുപ്പകാലത്ത് ഒരു ഹോട്ടലിൽ ജോലി ചെയ്തിരുന്ന സന്തോഷ്, തന്റെ 13ആം വയസ്സ് മുതലാണ് അവശ്യക്കാർക്ക് വെള്ളം എത്തിക്കുന്ന തൊഴിൽ ചെയ്ത് തുടങ്ങിയത്. രാവിലെ 2 മണിക്ക് അദ്ദേഹം ജോലി തുടങ്ങും. വിവിധ ഓഫീസുകൾ, ബാങ്ക്, ഹോട്ടലുകൾ എന്നിവിടങ്ങളിലേക്കായി ദിവസവും 20 വീപ്പ വെള്ളമാണ് സന്തോഷ് എത്തിക്കുന്നത്. ഒരു കലം വെള്ളത്തിന് 10 രൂപ മാത്രം വാങ്ങും, വീപ്പയിലാണെങ്കിൽ 75 മുതൽ 80 രൂപ വരെ. ദൂരം കൂടുതലുണ്ടെങ്കിൽ മാത്രം 100 രൂപ.
കൂടെ ഉണ്ടായിരുന്നവരെല്ലാം ലോക്ക്ഡൗൺ വന്നതോടെ മറ്റ് ജോലികൾ തേടി പോയി. കൂടുതൽ വരുമാനം ലഭിക്കുന്ന ജോലി ചെയ്യാൻ പലരും ഉപദേശിച്ചെങ്കിലും തന്റെ കൈവണ്ടി ഉപേക്ഷിക്കാൻ അദ്ദേഹം തയ്യാറല്ല. വാടക വീട്ടിലാണ് താമസം. ഒരു ദിവസം സന്തോഷ് അവധി എടുത്താൽ 30ലേറെ വ്യാപാരികളാണ് ബുദ്ധിമുട്ടിലാവുന്നത്.