പോപ്പ് എമിരറ്റസ് ബനഡിക്‌ട് പതിനാറാമൻ മാർപാപ്പ (95) കാലം ചെയ്തു

വത്തിക്കാൻ സിറ്റി ∙ പോപ്പ് എമിരറ്റസ് ബനഡിക്‌ട് പതിനാറാമൻ മാർപാപ്പ (95) കാലം ചെയ്തു. കുറച്ചു ദിവസങ്ങളായി ആരോഗ്യനില വഷളായിരുന്നു. ജോണ്‍ പോള്‍ രണ്ടാമൻ മാർപാപ്പയുടെ പിന്‍ഗാമിയായി 2005 ഏപ്രില്‍ 19 ന് സ്ഥാനമേറ്റ അദ്ദേഹം അനാരോഗ്യം മൂലം 2013 ഫെബ്രുവരി 28 ന് സ്ഥാനത്യാഗം ചെയ്തിരുന്നു. തുടര്‍ന്ന് പോപ് എമെരിറ്റസ് എന്ന പദവിയില്‍ വത്തിക്കാന്‍ ഗാര്‍ഡന്‍സിലെ വസതിയിൽ വിശ്രമജീവിതത്തിലായിരുന്നു അദ്ദേഹം. ആറു നൂറ്റാണ്ടുകൾക്കുള്ളിൽ ആദ്യമായായിരുന്നു ഒരു മാർപാപ്പയുടെ സ്ഥാനത്യാഗം. ജർമൻ പൗരനായ കർദ്ദിനാൾ ജോസഫ് റാറ്റ്‌സിങ്ങറാണ് ബനഡിക്‌ട് പതിനാറാമൻ എന്ന സ്ഥാനപ്പേരിൽ മാര്‍പാപ്പയായത്.
ഒരേസമയം, യാഥാസ്‌ഥിതികനും പുരോഗമനവാദിയുമായ മാർപാപ്പ എന്നറിയപ്പെട്ട ബനഡിക്‌ട് പതിനാറാമൻ ധാർമികതയുടെ കാവലാൾ എന്നും വിശേഷിപ്പിക്കപ്പെട്ടിരുന്നു.
അദ്ദേഹം ശക്തമായിത്തന്നെ നിലപാടെടുത്തിരുന്നു. കൃത്രിമ ഗർഭധാരണ മാർഗങ്ങൾ ഉപേക്ഷിക്കണമെന്നു വിശ്വാസികളോട് ആഹ്വാനം ചെയ്ത അദ്ദേഹം, അതേസമയം പുതുതലമുറയുമായി സംവദിക്കാൻ ട്വിറ്റർ അടക്കമുള്ള സമൂഹമാധ്യമങ്ങളും ഉപയോഗിച്ചു. ക്യൂബയിൽ ഫിഡൽ കാസ്ട്രോയെ സന്ദർശിച്ചതിനെ ‘വിപ്ലവകരം’ എന്നാണ് രാജ്യാന്തര നിരീക്ഷകരും മാധ്യമങ്ങളും അടക്കം വിലയിരുത്തിയത്.
ഭാരതസഭയിലെ ആദ്യവിശുദ്ധയായി സിസ്‌റ്റർ അൽഫോൻസാമ്മയെ നാമകരണം ചെയ്‌തത് ബനഡിക്ട് പതിനാറാമൻ മാർപാപ്പയായിരുന്നു. സിറോ മലബാർ സഭയിലും സിറോ മലങ്കര സഭയിലും രണ്ടു കർദിനാൾമാരെ വാഴിച്ചുകൊണ്ട് കേരളസഭയ്‌ക്കു വത്തിക്കാനിൽ ഉചിതമായ പ്രാതിനിധ്യവും നൽകി.