പെരിയാര്‍ കടുവ സങ്കേതത്തിനുള്ളില്‍ വര്‍ഷങ്ങളായി നിശ്ചലമായി കിടന്നിരുന്ന തേക്കടി ആമ പാര്‍ക്ക് സജീവമാക്കി വനം വകുപ്പിന്‍റെ പുതുവര്‍ഷ ആഘോഷം

കുമളി: പെരിയാര്‍ കടുവ സങ്കേതത്തിനുള്ളില്‍ വര്‍ഷങ്ങളായി നിശ്ചലമായി കിടന്നിരുന്ന തേക്കടി ആമ പാര്‍ക്ക് സജീവമാക്കി വനം വകുപ്പിന്‍റെ പുതുവര്‍ഷ ആഘോഷം.
വിനോദസഞ്ചാരികള്‍ക്ക് കാടിന്‍റെ സൗന്ദര്യം നുകരാനും മരങ്ങള്‍ക്കിടയിലെ തൊട്ടിലില്‍ വിശ്രമിക്കാനും കിടക്കാനും സൗകര്യമുണ്ട്. തേക്കടി ബോട്ട്ലാന്‍ഡിങ്ങിന് സമീപത്തെ വാഹന പാര്‍ക്കിങ് വനമേഖലക്ക് പുറത്തേക്ക് മാറ്റിയതോടെയാണ് പാര്‍ക്ക് നിശ്ചലമായത്.
2017 മുതല്‍ നിശ്ചലമായ പാര്‍ക്കാണ് അഞ്ച് വര്‍ഷത്തെ ഇടവേളക്ക് ശേഷം സജീവമായത്. പാര്‍ക്ക് സജീവമാക്കുന്നത് വിനോദസഞ്ചാരികള്‍ക്ക് ഏറെ ഗുണം ചെയ്യുമെന്ന് ‘മാധ്യമം’ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇവിടെ ലക്ഷങ്ങള്‍ ചെലവഴിച്ച് ആധുനികരീതിയില്‍ നിര്‍മിച്ച ശുചിമുറിയും പാര്‍ക്കിലെ ആമക്കടയും തുറന്നു. വിനോദസഞ്ചാരികള്‍ക്ക് ആമക്കട വഴി ലഘുഭക്ഷണം കഴിക്കാനും കടുവ സങ്കേതത്തെ സംബന്ധിച്ച പുസ്തകങ്ങള്‍ വാങ്ങാനും കഴിയും. മ്ലാവ്, മലയണ്ണാന്‍, വേഴാമ്ബല്‍ മറ്റ് പക്ഷികളും തുടങ്ങി ആനയെയും മുള്ളന്‍പന്നികളെയും വരെ ആമ പാര്‍ക്കില്‍ വിശ്രമിക്കുന്നതിനിടെ സഞ്ചാരികള്‍ക്ക് കാണാന്‍ കഴിയുമെന്നത് കൂടുതല്‍ സഞ്ചാരികളെ തേക്കടിയിലേക്ക് ആകര്‍ഷിക്കും.