11 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് വിവിധ വകുപ്പുകളിലായി 80 വര്‍ഷം തടവും മൂന്ന് ലക്ഷം രൂപ പിഴയും വിധിച്ചു

മഞ്ചേരി: 11 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് വിവിധ വകുപ്പുകളിലായി 80 വര്‍ഷം തടവും മൂന്ന് ലക്ഷം രൂപ പിഴയും വിധിച്ചു.
മഞ്ചേരി താണിപ്പാറ സ്വദേശി കതകഞ്ചേരി വീട്ടില്‍ നൗഫല്‍ എന്ന മുന്നയെയാണ് (38) മഞ്ചേരി പോക്സോ കോടതി ജഡ്ജി കെ. രാജേഷ് ശിക്ഷിച്ചത്. 2021 ഏപ്രില്‍ 19 മുതല്‍ ജൂണ്‍ 10 വരെ കുട്ടിയുടെ വീട്ടിലും നിര്‍മാണം നടക്കുന്ന ബന്ധുവിന്റെ വീട്ടിലും പ്രതിയുടെ വീട്ടിലും വെച്ച് പീഡിപ്പിച്ചെന്നാണ് കേസ്.
പല തവണ കുട്ടിയെ പീഡിപ്പിച്ചതിന് 20 വര്‍ഷം കഠിന തടവും ലക്ഷം രൂപ പിഴയും, ലൈംഗികാതിക്രമത്തിനിടെ കുട്ടിയെ പരിക്കേല്‍പ്പിച്ചതിന് 20 വര്‍ഷം കഠിന തടവും 50,000 രൂപ പിഴയും, 12 വയസ്സിന് താഴെയുള്ള കുട്ടിയെ പീഡിപ്പിച്ചതിന് 20 വര്‍ഷം കഠിന തടവും ലക്ഷം രൂപ പിഴയും, വീട്ടില്‍ അതിക്രമിച്ച് കയറിയതിന് 10 വര്‍ഷം കഠിന തടവും 25,000 രൂപ പിഴയും, തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതിന് 10 വര്‍ഷം കഠിന തടവും 25,000 രൂപ പിഴയും എന്നിങ്ങനെയാണ് ശിക്ഷ. ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതി. പിഴത്തുക മുഴുവന്‍ കുട്ടിക്ക് നല്‍കണം. ജില്ല ലീഗല്‍ സര്‍വിസസ് അതോറിറ്റി മുഖേന കുട്ടിക്ക് മതിയായ നഷ്ടപരിഹാരം നല്‍കാനും ഉത്തരവിട്ടു.
കേസില്‍ 18 സാക്ഷികളെ വിസ്തരിച്ചു. 35 രേഖകള്‍ ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി അഡ്വ. സോമസുന്ദരന്‍ ഹാജരായി. ഡി.സി.ആര്‍.ബിയിലെ അസി. സബ് ഇന്‍സ്പെക്ടര്‍ എന്‍. സല്‍മ, വനിത പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ പി. ഷാജിമോള്‍ എന്നിവര്‍ പ്രോസിക്യൂഷനെ സഹായിച്ചു.