മറയൂർ ശർക്കര കാനഡയിലേക്ക്

ഇടുക്കി: മറയൂരില്‍നിന്ന് കാനഡയിലെ ടോറന്റൊയിലേക്കുള്ള ജി.ഐ ടാഗ് ചെയ്ത മറയൂര്‍ ശര്‍ക്കരയുടെ ആദ്യ കയറ്റുമതി അഗ്രികള്‍ചറല്‍ ആന്‍ഡ് പ്രോസസ്ഡ് ഫുഡ് പ്രൊഡക്‌ട്‌സ് എക്‌സ്‌പോര്‍ട്ട് ഡെവലപ്‌മെന്റ് അതോറിറ്റി (എ.പി.ഇ.ഡി.എ) ആഭിമുഖ്യത്തില്‍ നടന്നു.കൊച്ചിയില്‍ നടന്ന ചടങ്ങില്‍ കടല്‍ വഴിയുള്ള കയറ്റുമതി വെര്‍ച്വല്‍ ആയി ഫ്ലാഗ്‌ഓഫ് ചെയ്തു.
മറയൂരിലുള്ള അഞ്ചുനാട് കരിമ്ബ് ഉല്‍പാദന വിപണന സംഘത്തില്‍നിന്ന് നിലമേല്‍ എക്സ്പോര്‍ട്സ് ആണ് ശര്‍ക്കര കയറ്റുമതി ചെയ്യുന്നത്. കാനഡയിലെ ഇന്ത്യന്‍ ഹൈകമീഷണര്‍ സഞ്ജയ് കുമാര്‍ വര്‍മ ഫ്ലാഗ്‌ഓഫ് ചെയ്തു. 2.3 ദശലക്ഷം ഇന്ത്യന്‍ പ്രവാസികളുള്ള കാനഡയില്‍ ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ക്കുള്ള വിപണി സാധ്യതയെക്കുറിച്ച് സഞ്ജയ് കുമാര്‍ വര്‍മ വിശദീകരിച്ചു.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇന്ത്യയില്‍നിന്ന് കാനഡയിലേക്കുള്ള ശര്‍ക്കര കയറ്റുമതി ഗണ്യമായി വര്‍ധിച്ചിട്ടുണ്ടെന്നും എന്നാല്‍, കാനഡയിലെ ശര്‍ക്കരയുടെ ആഗോള ഇറക്കുമതി താരതമ്യപ്പെടുത്തുമ്ബോള്‍ ഇന്ത്യയുടെ പങ്ക് തുച്ഛമാണെന്നും അദ്ദേഹം പരാമര്‍ശിച്ചു.
ഇത്തരം സംരംഭങ്ങളിലൂടെ ഈ തോത് വര്‍ധിപ്പിക്കണമെന്ന് അദ്ദേഹം എ.പി.ഇ.ഡി.എയോട് ആവശ്യപ്പെട്ടു. യു.എ.ഇ, സൗദി അറേബ്യ, ഒമാന്‍, ഖത്തര്‍, കുവൈത്ത്, യു.കെ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് 2021-22ല്‍ കേരളത്തില്‍നിന്നുള്ള ശര്‍ക്കര പ്രധാനമായും കയറ്റുമതി ചെയ്തത്.