സൗത്ത് സോണ്‍ അന്തര്‍ സര്‍വകലാശാലവനിതാ വോളിബോള്‍ മത്സരം തുടങ്ങി
മഹാത്മാഗാന്ധി സര്‍വ്വകലാശാല ആതിഥ്യം വഹിക്കുന്ന സൗത്ത് സോണ്‍ അന്തര്‍ സര്‍വകലാശാല അഖിലേന്ത്യ വനിതാ വോളിബോള്‍ മത്സരങ്ങള്‍ക്ക് മുരിക്കാശ്ശേരി പാവനാത്മ കോളേജില്‍ തുടക്കമായി. കോളേജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന ഉദ്ഘാടന സമ്മേളനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു. മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റ് അംഗം അഡ്വ. റെജി സക്കറിയ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. അഡ്വ. ഡീന്‍ കുര്യാക്കോസ് എം. പി. മുഖ്യപ്രഭാഷണം നടത്തി. ഓള്‍ ഇന്ത്യ യൂണിവേഴ്‌സിറ്റി സ്‌പോര്‍ട്‌സ് ആന്‍ഡ് യുവജന ക്ഷേമ ജോയിന്റ് സെക്രട്ടറി ഡോ. ബാല്‍ജിത് സിംഗ് ഷിക്കോണും ഒളിമ്പ്യന്‍ കെ. എം. ബീനമോളും പരിപാടിയില്‍ മുഖ്യാതിഥികളായി.
രാജ്യത്തെ നൂറോളം സര്‍വകലാശാലകള്‍ പങ്കെടുക്കുന്ന മത്സരത്തില്‍ 1200 ഓളം കായികതാരങ്ങള്‍ മാറ്റുരയ്ക്കും. പാവനാത്മ കോളേജ് ഇന്‍ഡോര്‍ സ്റ്റേഡിയം, ഔട്ട്‌ഡോര്‍ സ്റ്റേഡിയം, രാജമുടി ഡി പോള്‍ സ്‌കൂള്‍ സ്റ്റേഡിയം, രാജമുടി പഞ്ചായത്ത് സ്റ്റേഡിയം എന്നിവിടങ്ങളിലായാണ് മത്സരങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നത്.
ജനുവരി ആറ് വരെയാണ് മത്സരങ്ങള്‍. വോളിബോള്‍ മത്സരത്തിന്റെ ഭാഗമായി കോളേജ് സ്റ്റേഡിയത്തില്‍ തിരുവനന്തപുരം ഐ കമ്പനി എന്റര്‍ടൈന്‍മെന്റ്‌സ് ഒരുക്കുന്ന കാര്‍ണിവലും സംഘടിപ്പിച്ചിട്ടുണ്ട്. മത്സരങ്ങള്‍ക്കൊപ്പം കാര്‍ണിവലിന്റെ ഭാഗമായ വിവിധ റൈഡുകള്‍, പുഷ്പമേള പ്രദര്‍ശന സ്റ്റാളുകള്‍, കലാപരിപാടികള്‍ എന്നിവ ആസ്വദിക്കുന്നതിനായി പൊതുജനങ്ങള്‍ക്ക് സൗകര്യം ഒരുക്കിയിട്ടുണ്ട്.
ഉദ്ഘാടന ചടങ്ങില്‍ കോട്ടയം യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ഡീന്‍ ആന്‍ഡ് ഡയറക്ടര്‍ പ്രൊഫ. ഡോ. ബിനു ജോര്‍ജ് വര്‍ഗീസ്, കോളേജ് മാനേജര്‍ റവ. മോണ്‍ ജോസ് പ്ലാച്ചിക്കല്‍, എം. ജി. യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് അംഗങ്ങളായ ബിജു തോമസ്, ഡോ. ആര്‍. അനിത, ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ സി. വി. വര്‍ഗീസ്, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യന്‍, പ്രിന്‍സിപ്പല്‍ ഡോ. ബെന്നിച്ചന്‍ സ്‌കറിയ തുടങ്ങിയവര്‍ സംസാരിച്ചു.