ഇടുക്കി ജില്ലയിലെ ആദ്യകാര്‍ഷികസൗരോര്‍ജനിലയം പ്രവര്‍ത്തനം തുടങ്ങി
കാര്‍ബണ്‍രഹിത കൃഷിയിടം സാധ്യമാക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി അനെര്‍ട്ട് കൃഷിയിടങ്ങളില്‍ സൗരോര്‍ജനിലയം സ്ഥാപിക്കുന്ന പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് സഹായകരമാകുന്ന പദ്ധതി കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ സഹായത്തോടെ പി.എം. കുസും യോജന മുഖേനയാണ് അനെര്‍ട്ട് നടപ്പാക്കുന്നത്. പദ്ധതി പ്രകാരം കൃഷിയിടങ്ങളിലെ മോട്ടോര്‍ പ്രവര്‍ത്തിക്കാന്‍ സൗരോര്‍ജ വൈദ്യുതി ലഭ്യമാക്കുകയാണ് ചെയ്യുന്നത്. നിലവില്‍ വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന പമ്പുകളും ഡീസലില്‍ പ്രവര്‍ത്തിക്കുന്ന പമ്പുകളും (ഒരു എച്ച്.പി. മുതല്‍ 7.5 എച്ച്.പി.വരെ) ഈ പദ്ധതി പ്രകാരം സൗരോര്‍ജ കണക്ഷനിലേക്ക് മാറ്റുവാന്‍ സാധിക്കും. പദ്ധതി പ്രകാരം സ്ഥാപിക്കുന്ന സൗരോര്‍ജ നിലയത്തിന് 60 ശതമാനം സബ്സിഡി ലഭിക്കും. ഇതില്‍ 30 ശതമാനം കേന്ദ്ര സബ്സിഡിയും 30 ശതമാനം സംസ്ഥാന സബ്സിഡിയുമാണ്. ഈ പദ്ധതിയിലൂടെ ലഭിക്കുന്ന വൈദ്യുതിയില്‍ കര്‍ഷകന്റെ ഉപയോഗത്തിന് ശേഷമുള്ള വൈദ്യുതി കെ. എസ്. ഇ. ബി. ക്ക് വില്‍ക്കാനും സാധിക്കും ഇതുവഴി വര്‍ഷത്തില്‍ ഒരു നിശ്ചിത വരുമാനവും കര്‍ഷകന് ലഭിക്കും.
ഇടുക്കി ജില്ലയിലെ പി.എം. കുസും പദ്ധതിയുടെ ആദ്യ ഗുണഭോക്താവും പീരുമേട് പഞ്ചായത്തിലെ ആറാം വാര്‍ഡിലെ കര്‍ഷകനുമായ മാത്യുവിന്റെ കൃഷിയിടത്തില്‍ അനെര്‍ട്ട് ഇടുക്കി ജില്ലാ ഓഫീസ് മുഖേന സ്ഥാപിച്ച സൗരോര്‍ജ നിലയം പ്രവര്‍ത്തന സജ്ജമായിട്ടുണ്ട്.