സുശാന്തിന്‍റെ മരണം; ലളിതമായ ആത്മഹത്യയല്ല, പിന്നിൽ ഗൂഡാലോചനയുണ്ടെന്ന് അഭിഭാഷകന്‍
മുംബൈ: 2020 ൽ മരിച്ച സുശാന്ത് സിംഗ് രജ്പുത്തിന്‍റെ പോസ്റ്റ്മോർട്ടം കണ്ട ഒരാൾ നടൻ ആത്മഹത്യ ചെയ്തതല്ലെന്നും യഥാർത്ഥത്തിൽ അത് ഒരു കൊലപാതകമാണെന്നും കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു. സുശാന്തിന്‍റെ ശരീരത്തിൽ നിരവധി പാടുകളും കഴുത്തിൽ രണ്ട് മൂന്ന് പാടുകളും ഉണ്ടായിരുന്നതായി വാർത്താ ഏജൻസിയായ എഎൻഐക്ക് നൽകിയ അഭിമുഖത്തിൽ രൂപ്കുമാർ ഷാ പറഞ്ഞിരുന്നു.
സുശാന്തിന്‍റെ മൃതദേഹം ആദ്യമായി കണ്ടപ്പോൾ ആത്മഹത്യയല്ല, കൊലപാതകമാണെന്ന് തനിക്ക് തോന്നിയെന്നും ഇക്കാര്യം ഉടൻ തന്നെ മുതിർന്നവരെ അറിയിച്ചെന്നും അദ്ദേഹം ടിവി 9 നോട് പറഞ്ഞു. എന്നാൽ, എത്രയും വേഗം ഫോട്ടോയെടുത്ത് മൃതദേഹം പൊലീസുകാർക്ക് കൈമാറണമെന്ന് ഉന്നതാധികാരികൾ തന്നോട് പറഞ്ഞതായി രൂപ്കുമാർ ഷാ പറഞ്ഞു.
സുശാന്ത് സിംഗ് രജ്പുത്തിന്‍റെ അഭിഭാഷകൻ വികാസ് സിംഗ് ഏറ്റവും പുതിയ വെളിപ്പെടുത്തലിനെക്കുറിച്ച് പ്രതികരിച്ചു. സുശാന്തിന്‍റെ പരിക്കുകളെക്കുറിച്ച് തനിക്ക് നേരിട്ട് വിവരമില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. “സുശാന്തിന്‍റെ സഹോദരിമാർ പ്രതികരിക്കാതെ എനിക്ക് ഇതിനെക്കുറിച്ച് പ്രതികരിക്കാൻ കഴിയില്ല. എന്നാൽ സുശാന്ത് സിംഗ് രജ്പുത്തിന്‍റെ മരണം ലളിതമായ ആത്മഹത്യയല്ലെന്ന് ഞാൻ വിശ്വസിക്കുന്നു, കാരണം ഇതിന് പിന്നിൽ ഗൂഡാലോചനയുണ്ട്. സി.ബി.ഐക്ക് മാത്രമേ ഇത് പുറത്തുകൊണ്ടുവരാൻ കഴിയൂ. അദ്ദേഹത്തിന്‍റെ മരണത്തിന് പിന്നിൽ ഗൂഢാലോചനയുണ്ട്” വികാസ് സിംഗ് പറഞ്ഞു.