പ്രധാന വാര്‍ത്തകള്‍
ഹൃദയം നിറച്ച് ജ്യോതി; മഞ്ഞിൽ കണ്ടെത്തിയ കുഞ്ഞിന് മുലയൂട്ടി പൊലീസ് ഉദ്യോഗസ്ഥന്റെ ഭാര്യ
നോയ്ഡ: ഗ്രേറ്റർ നോയ്ഡയിലെ അതിശൈത്യത്തിൽ നിന്നും പൊലീസ് ഉദ്യോഗസ്ഥർ കൈകുഞ്ഞിനെ കണ്ടെത്തുമ്പോൾ, തണുപ്പ് താങ്ങാനാവാതെ വിഷമിച്ച നിലയിലായിരുന്നു. എസ്.എച്ച്.ഒ വിനോദ് സിംഗിന്റെ ഭാര്യ ജ്യോതി സിംഗ് നിറമനസ്സോടെ കുഞ്ഞിന് മുലപ്പാൽ നൽകി. തുണിയിൽ പൊതിഞ്ഞ നിലയിൽ പെൺകുഞ്ഞിനെ, നോളജ് പാർക്കിന് സമീപമുള്ള കുറ്റിക്കാട്ടിൽ നിന്നാണ് പൊലീസ് കണ്ടെടുത്തത്.
സ്റ്റേഷനിലെത്തിച്ച കുട്ടി തണുപ്പും, വിശപ്പും മൂലം നിർത്താതെ കരയുകയായിരുന്നു. വിവരമറിഞ്ഞ് ജ്യോതി ഉടനേ തന്നെ സ്റ്റേഷനിലെത്തി കുഞ്ഞിനെ മുലയൂട്ടി. കുഞ്ഞിന്റെ കരച്ചിൽ കണ്ടുനിൽക്കാൻ കഴിഞ്ഞില്ലെന്നാണ് ജ്യോതി പറഞ്ഞത്.
ശേഷം കുഞ്ഞിനെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. കുഞ്ഞിനെ ഉപേക്ഷിച്ചവരെക്കുറിച്ചുള്ള അന്വേഷണത്തിലാണ് ഉദ്യോഗസ്ഥർ.