ഇതിലും നല്ലത് കഴുത്തറക്കാൻ ഉത്തരവിടുന്നത്; പഠനം വഴിമുട്ടി അഫ്ഗാനിലെ പെൺകുട്ടികൾ
കാബൂള്‍: “ഇതിലും നല്ലത് സ്ത്രീകളുടെ കഴുത്തറക്കാൻ ഉത്തരവിടുന്നതായിരുന്നു,” താലിബാൻ അഫ്ഗാനിസ്ഥാനിലെ പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ചതിനെത്തുടർന്ന് തുടർപഠനം വഴിമുട്ടിയ 19 കാരിയായ മർവ പറയുന്നു. അടുത്തിടെ മെഡിക്കൽ എൻട്രൻസ് പരീക്ഷ എഴുതിയ മർവ സഹോദരൻ ഹമീദിനൊപ്പം ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയിരുന്നു. മാർച്ചിൽ ക്ലാസുകൾ ആരംഭിക്കാനിരിക്കെയാണ് അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടം പെൺകുട്ടികളുടെ സർവകലാശാലാ വിദ്യാഭ്യാസം രാജ്യവ്യാപകമായി നിരോധിക്കാൻ ഉത്തരവിട്ടത്. തന്‍റെ സഹോദരൻ കോളേജിൽ പോകുന്നതു സങ്കടത്തോടെ കാണാൻ മാത്രമേ ഇനി മർവയ്ക്ക് കഴിയൂ.
“മൃഗങ്ങളേക്കാൾ മോശമായാണ് അവർ ഞങ്ങളോട് പെരുമാറുന്നത്. മൃഗങ്ങൾക്ക് എവിടെ വേണമെങ്കിലും പോകാം. എന്നാൽ ഞങ്ങൾ പെൺകുട്ടികൾക്ക് ഞങ്ങളുടെ വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ പോലും അവകാശമില്ല. ജനിച്ചില്ലായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു. ഈ ലോകത്ത് ജീവിച്ചിരിക്കുന്നതിൽ ഞാൻ ഖേദിക്കുന്നു,” മർവ പറഞ്ഞതായി എഎഫ്പി റിപ്പോർട്ട് ചെയ്തു.
“നിരവധി പ്രതിസന്ധികളിലൂടെയാണ് അവൾ പഠനം പൂർത്തിയാക്കിയത്. അവളുടെ സ്വപ്നം സാക്ഷാത്കരിക്കപ്പെടണമെന്നാണ് ഞാനും ആഗ്രഹിക്കുന്നത്. എന്നാൽ ഇപ്പോൾ ഞങ്ങൾക്ക് ഒന്നും പറയാൻ കഴിയുന്നില്ല” മർവയുടെ സഹോദരൻ ഹമീദ് നിസ്സഹായതയോടെ പറഞ്ഞു.