ബഫർ സോണിന് പിന്നിൽ സി.പി.എം .എന്ന്യു.ഡി.എഫ്.
മതികെട്ടാൻ ചോലയിലെ കർഷകർ പാലായിലെ പ്രമാണിമാരായ കയ്യേറ്റക്കാരാണെന്ന് ആക്ഷേപിച്ച് അവരുടെ രക്തത്തിനു വേണ്ടി നിയമസഭയ്ക്ക് അകത്തും പുറത്തും ഒരുപോലെ പോരാട്ടം നടത്തിയ 2002 കാലത്തെ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനോട് കുടിയിറക്കിന്റെ ആവശ്യം എന്തായിരുന്നു എന്ന് സിപിഎം നേതാക്കൾ ചോദിക്കുന്നതായിരിക്കും കുടിയിറക്കിന്റെ വസ്തുത അറിയുവാൻ സഹായകരമെന്ന് യുഡിഎഫ് ചെയർമാൻ ജോയി വെട്ടിക്കുഴിയും, കൺവീനർ പ്രൊഫ എം ജെ ജേക്കബും അറിയിച്ചു. കുടിയിറക്കപ്പെട്ട കർഷകന് വേണ്ടി ചെറുവിരൽ പോലും അനക്കാത്തവരാണ് അന്നത്തെ ഉടുമ്പൻചോലയെ പ്രതിനിധീകരിച്ച കെ കെ ജയചന്ദ്രൻ എംഎൽഎയും, ജില്ലാ സെക്രട്ടറി എം എം മണിയും എന്ന കാര്യം വിസ്മരിക്കരുത്. അന്നത്തെ മുഖ്യമന്ത്രിയുടെയും, വനം മന്ത്രിയുടെയും കാര്യം പ്രതിപാദിച്ച സിപിഎം നേതാക്കൾ റവന്യൂ മന്ത്രിയുടെ കാര്യം വിസ്മരിച്ചത് ശരിയായില്ല. 2006 ൽ വിഎസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയായ ശേഷം മൂന്നാറ്റിൽ നിരപരാധികളുടെ കെട്ടിടങ്ങൾ ഇടിച്ചു തകർത്തു കരിംപൂച്ചകളെ കൊണ്ട് സംഹാര താണ്ഡവമാടിയപ്പോൾ തകർന്നുവീണത് നിരവധി ജീവിതങ്ങളാണ്. ഇതിന്റെയെല്ലാം പാപഭാരം സിപിഎം ഏറ്റെടുത്താൽ മതി ഇക്കാര്യത്തിൽ കോൺഗ്രസിനെയും യുഡിഎഫിനെയും പഴിചാരി നല്ല പിള്ള ചമയാൻ ശ്രമിക്കേണ്ടതില്ല.
2020 ഓഗസ്റ്റ് 13ന് മതികെട്ടാൻ ചോലയ്ക്ക് ചുറ്റും ഒരു കിലോമീറ്റർ ബഫർസോൺ നിശ്ചയിച്ച് പ്രാഥമിക വിജ്ഞാപനം കേന്ദ്ര ഗവൺമെന്റ് ഇറക്കിയപ്പോൾ പരാതികളോ, എതിർപ്പുകളോ ഉണ്ടെങ്കിൽ റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടത് സംസ്ഥാന ഗവൺമെന്റിനോടാണ്. അത്തരത്തിൽ റിപ്പോർട്ട് സമർപ്പിക്കേണ്ടതിന്റെ ഉത്തരവാദിത്വം ഡീൻ കുര്യാക്കോസ് എംപിയുടെതല്ല. മതികെട്ടാൻ ചോലയുടെ തമിഴ്നാട് അതിർത്തി സീറോ ബഫർസോൺ ആക്കണമെന്ന് തമിഴ്നാട് ഗവൺമെന്റിന്റെ സമയോചിതമായ അപേക്ഷ കേന്ദ്ര ഗവൺമെന്റ് പരിഗണിച്ച് സീറോ ബഫർസോൺ അനുവദിക്കുകയുണ്ടായി. മതികെട്ടാൻ ചോലയുടെ കേരള അതിർത്തികൾ കേന്ദ്ര ഗവൺമെന്റ് പ്രഖ്യാപിച്ച ഒരു കിലോമീറ്റർ ആയി നിലനിൽക്കുന്നതിന്റെ പൂർണ്ണ ഉത്തരവാദിത്വം അധികാരത്തിലിരിക്കുന്ന സംസ്ഥാന ഗവൺമെന്റിന്റെതാണ്. ഈ ജില്ലയെ പ്രതിനിധീകരിച്ച് മന്ത്രിസഭയിൽ ഇരിക്കുന്ന റോഷി അഗസ്റ്റിൻ കേന്ദ്ര ഗവൺമെന്റിന്റെ ഗസറ്റ് സംസ്ഥാന സർക്കാരിന് ലഭിക്കുന്നുണ്ടോ എന്ന് അന്വേഷിച്ച് ജനങ്ങളോട് മറുപടി പറയണം. കുഞ്ചിത്തണ്ണി വില്ലേജിലെ ആനച്ചാൽ ഭാഗത്തെ 23.5 ഹെക്ടർ റവന്യൂ ഭൂമി ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റിന് യൂക്കാലി കൃഷിക്ക് നൽകിയിരുന്നത് 2022 ഓഗസ്റ്റ് 8 ന് റിസർവ് വനമായിഉത്തരവിറക്കിയത് ഡീൻ കുര്യാക്കോസ് ആണോ ഇടത് സർക്കാർ ആണോ എന്ന് ഭരണക്കാർ മറുപടി പറയണം.
കേരളത്തിലെ ബഫർസോൺ പ്രശ്നം സർക്കാർ വിലകൊടുത്ത് വാങ്ങിയ കെണിയാണ്. ഇതിന്റെ വിശദാംശങ്ങൾ 2019 ഒക്ടോബർ 31 ലെ ഗസറ്റ് വിജ്ഞാപനത്തിൽ ഗവൺമെന്റ് തന്നെ പ്രതിപാദിച്ചിട്ടുണ്ട്. വിജ്ഞാപനത്തിന്റെ മൂന്നാം ഖണ്ഡികയിൽ 2013 മെയ് എട്ടിന് അന്നത്തെ യുഡിഎഫ് ഗവൺമെന്റ് സംരക്ഷിത വനങ്ങൾക്ക് പുറത്തുള്ള എല്ലാ മനുഷ്യവാസ കേന്ദ്രങ്ങളെയും ഇക്കോ സെൻസിറ്റീവ് സോണുകളുടെ പരിധിയിൽ നിന്നും ഒഴിവാക്കിക്കൊണ്ട് കരട് വിജ്ഞാപനം ഇറക്കി വിദഗ്ധസമിതിക്ക് റിപ്പോർട്ട് സമർപ്പിച്ചുവെന്നും, 2016ൽ സമിതി കേരള സർക്കാർ സമർപ്പിച്ച നിർദ്ദേശങ്ങൾ പരിഗണിക്കുകയും, ചില കാര്യങ്ങളിൽ വിശദാംശങ്ങൾ ആവശ്യപ്പെട്ടെങ്കിലും 2018 വരെ അത് നൽകാത്തതിനാൽ കരട് വിജ്ഞാപനം കാലഹരണപ്പെട്ടെന്നും സൂചിപ്പിച്ചിട്ടുണ്ട്. 2018 വരെ വിദഗ്ധസമിതി ആവശ്യപ്പെട്ട വിശദാംശങ്ങൾ നൽകാത്തത് ഗവൺമെന്റിന്റെ വീഴ്ച അല്ലേ?. യുഡിഎഫിന് എന്താണ് ഉത്തരവാദിത്വം. അതിന്റെ എട്ടാമത്തെ ഖണ്ഡികയിൽ കേരളത്തിൽ ജീവൻ നഷ്ടപ്പെടുന്നതുൾപ്പെടെയുള്ള ഗുരുതരമായ പാരിസ്ഥിതിക ദുരന്തങ്ങൾ ഉണ്ടാകുന്നത് കണക്കിലെടുത്ത് സംരക്ഷിത വനങ്ങളോടെ ചേർന്നു കിടക്കുന്ന മനുഷ്യവാസകേന്ദ്രങ്ങൾ ഉൾപ്പെടെ സംരക്ഷിത പ്രദേശങ്ങൾക്ക് ചുറ്റും ഒരു കിലോമീറ്റർ വരെ ബഫർ സോൺ ആയി നിശ്ചയിച്ച് ഉത്തരവാകുന്നുവെന്നും, സുപ്രീം കോടതി, കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം, വിദഗ്ധ സമിതി എന്നിവയുടെ മാനദണ്ഡങ്ങൾ അംഗീകരിക്കുന്നു എന്നും വ്യക്തമാക്കിയിട്ടുണ്ട്. 2019 ഒക്ടോബർ 23ലെ മന്ത്രിസഭ തീരുമാനത്തിലെ ഈ ഗസറ്റ് നോട്ടിഫിക്കേഷനു യുഡിഎഫിന് എന്ത് പങ്കാളിത്തമാ ണുള്ളതെന്ന് അന്നത്തെ മന്ത്രിസഭാ അംഗമായ എംഎം മണി പറയണം. 2022 ജൂൺ മൂന്നിന് ഉണ്ടായ സുപ്രീംകോടതി വിധിയിൽ ബഫർ സോങ് സംബന്ധിച്ച റിപ്പോർട്ട് 2022 സെപ്റ്റംബർ മൂന്നിന് മുമ്പ് നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നത് നൽകാത്തത് ഗവൺമെന്റിന്റെ പരാജയം അല്ലേ?. യുഡിഎഫും, ഡീൻ കുര്യാക്കോസും ഇക്കാര്യത്തിൽ നിരപരാധികൾ ആണെന്ന് അംഗീകരിക്കാൻ തയ്യാറാകണം. ഭരണ പരാജയവും കെടുകാര്യസ്ഥതയും മറച്ചുവെക്കുന്നതിന് ആക്ഷേപങ്ങൾ ഉന്നയിക്കുന്ന പരിപാടി അവസാനിപ്പിച്ച് കൃത്യമായി റിപ്പോർട്ട് സുപ്രീംകോടതിയിൽ നൽകുന്നതിനുള്ള നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.