അടച്ചിട്ട ഇടങ്ങളിൽ മാസ്ക് നിർബന്ധമാക്കി കർണാടക സർക്കാർ
കർണാടക: ചൈന ഉൾപ്പെടെ ലോകത്തിന്റെ ചില ഭാഗങ്ങളിൽ കൊവിഡ്-19 കേസുകൾ വർധിച്ച സാഹചര്യത്തിൽ സംസ്ഥാനത്ത് ഇൻഫ്ലുവൻസ ലൈക്ക് ഇൽനെസ് (ഐ.എൽ.ഐ), സിവിയർ അക്യൂട്ട് റെസ്പിറേറ്ററി ഇൽനെസ്(എസ്.എ.ആർ.ഐ) എന്നിവയുടെ നിർബന്ധിത പരിശോധന നടത്താൻ കർണാടക സർക്കാർ. അടച്ചിട്ട സ്ഥലങ്ങളിലും എയർകണ്ടീഷൻ ചെയ്ത മുറികളിലും മാസ്ക് നിർബന്ധമാക്കാനും സർക്കാർ തീരുമാനിച്ചു. സംസ്ഥാനത്ത് എത്തുന്ന അന്താരാഷ്ട്ര യാത്രക്കാരുടെ രണ്ട് ശതമാനം റാൻഡം ടെസ്റ്റിംഗ് കേന്ദ്രത്തിൽ നിന്നുള്ള പുതുക്കിയ നിർദ്ദേശങ്ങൾ വരുന്നത് വരെ തുടരുമെന്ന് സംസ്ഥാന ആരോഗ്യ മന്ത്രി ഡോ.കെ സുധാകർ പറഞ്ഞു.
“ഇൻഡോർ ലൊക്കേഷനുകളിലും, അടഞ്ഞ ഇടങ്ങളിലും, എയർകണ്ടീഷൻ ചെയ്ത മുറികളിലും മാസ്ക് ധരിക്കുന്നത് ഞങ്ങൾ നിർബന്ധമാക്കുകയാണ്. കൂടാതെ, കർണാടകയിലുടനീളം ഐ.എൽ.ഐ, എസ്.എ.ആർ.ഐ കേസുകളിൽ നിർബന്ധിത പരിശോധന ഉണ്ടായിരിക്കും,” കോവിഡ് -19 സംബന്ധിച്ച് മുഖ്യമന്ത്രി ബസവരാജ് ബൊമ്മയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് ശേഷം സുധാകർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.