ഒൻപതാം ക്ലാസുകാരിക്ക് വിവാഹം; കൂട്ടമായെത്തി തടഞ്ഞ് സഹപാഠികൾ
മിഡ്നാപൂർ: പശ്ചിമ ബംഗാളിലെ മിഡ്നാപൂർ ജില്ലയിൽ, ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയുടെ വിവാഹം തടഞ്ഞ് സഹപാഠികൾ. ഗോലാർ സുശീല ഹൈസ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥികളാണ് സഹപാഠിയെ ബാല വിവാഹത്തിൽ നിന്ന് രക്ഷിച്ചത്.
പെൺകുട്ടിയുടെ വിവാഹം നിശ്ചയിച്ച കാര്യം ക്ലാസിലെ മറ്റ് കുട്ടികൾക്ക് അറിയില്ലായിരുന്നു. എന്നാൽ, ഒരാഴ്ച തുടർച്ചയായി കുട്ടി ക്ലാസിൽ ഹാജരാകാതിരുന്നത് സഹപാഠികളുടെ ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് അന്വേഷിച്ചപ്പോഴാണ് കുട്ടിയുടെ വിവാഹം ഉറപ്പിച്ചതായി അറിഞ്ഞത്. ഇതോടെ ഈ വിദ്യാർത്ഥികൾ നേരെ പെൺകുട്ടിയുടെ വീട്ടിലേക്ക് പോയി. കുട്ടിയെ സ്കൂളിലേക്ക് അയക്കാൻ മാതാപിതാക്കളോട് ആവശ്യപ്പെട്ടു. എന്നാൽ മാതാപിതാക്കൾ കുട്ടിയെ സ്കൂളിലേക്ക് അയക്കാൻ വിസമ്മതിച്ചു. മാത്രമല്ല, ഇത് ഒരു പ്രശ്നമായി മാറുമെന്ന ഭയത്താൽ കുട്ടിയെ വരന്‍റെ വീട്ടിലേക്ക് മാറ്റുകയും ചെയ്തു.
എന്നിരുന്നാലും, സഹപാഠികൾ തങ്ങളുടെ കൂട്ടുകാരിയെ ഉപേക്ഷിക്കാൻ തയ്യാറല്ലായിരുന്നു. അവർ നേരെ വരന്‍റെ വീട്ടിലേക്ക് പോയി. സഹപാഠിയെ വിട്ടയച്ചില്ലെങ്കിൽ അവിടെ കുത്തിയിരുന്ന് പ്രതിഷേധം നടത്തുമെന്ന് വരന്‍റെ കുടുംബത്തെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതോടെ പെൺകുട്ടിയുടെ വീട്ടുകാരും വരനും പരിഭ്രാന്തരായി. കുട്ടിയെ സഹപാഠികൾക്കൊപ്പം വിട്ടയച്ചു. വലിയ അനീതിക്കെതിരെയും സഹപാഠിയുടെ ഭാവിക്ക് വേണ്ടിയും ശക്തമായി നിലകൊണ്ട വിദ്യാർത്ഥികളെ സ്കൂൾ പ്രധാനാധ്യാപകൻ സുരേഷ് ചന്ദ്രപാഡിയ അഭിനന്ദിച്ചു.