വനിതാ എസ്‌ഐയെ കൈയ്യേറ്റം ചെയ്‌തെന്ന പരാതിയില്‍ അഭിഭാഷകര്‍ക്കെതിരെ കേസെടുത്തു

തിരുവനന്തപുരം : വനിതാ എസ്‌ഐയെ കൈയ്യേറ്റം ചെയ്‌തെന്ന പരാതിയില്‍ അഭിഭാഷകര്‍ക്കെതിരെ കേസെടുത്തു. സ്ത്രീത്വത്തെ അപമാനിക്കല്‍, സംഘംചേര്‍ന്ന് കൃത്യനിര്‍വഹണം തടസപ്പെടുത്തി എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ്.വലിയതുറ എസ്.ഐ അലീന സൈറസ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വഞ്ചിയൂര്‍ പോലീസിന്റെ നടപടി.വഞ്ചിയൂര്‍ കോടതിയില്‍ വച്ച് തനിക്കെതിരെ കൈയ്യേറ്റ ശ്രമം നടന്നുവെന്നാണ് പരാതി. അഭിഭാഷകര്‍ സംഘം ചേര്‍ന്ന് കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചുവെന്ന് പരാതിയില്‍ പറയുന്നു. സംഭവത്തില്‍ പ്രണവ് എന്ന അഭിഭാഷകന്‍ ഉള്‍പ്പെടെ കണ്ടാലറിയുന്ന 30 പേരെ പ്രതി ചേര്‍ത്താണ് പോലീസ് കേസെടുത്തിരിക്കുന്നത്.ജാമ്യാപേക്ഷയുമായി കഴിഞ്ഞ ദിവസം വലിയ തുറ സ്റ്റേഷനിലെത്തിയ അഭിഭാഷകനെ കാണാന്‍ വൈകി എന്നാരോപിച്ചാണ് അലീനയെ അഭിഭാഷകര്‍ തടഞ്ഞത്. ഇതിന് പിന്നാലെ അഭിഭാഷകര്‍ തന്നെ കൈയേറ്റം ചെയ്തുവെന്നും അസഭ്യം വിളിച്ചുവെന്നും ആരോപിച്ചാണ് എസ്‌ഐ അലീന മജിസ്‌ട്രേറ്റിന് പരാതി നല്‍കിയത്.