പെണ്‍കുട്ടി പ്രണയത്തില്‍നിന്ന് പിന്മാറിയതിന്റെ വിരോധത്തില്‍ യുവാവ് പെണ്‍കുട്ടിയുടെ അമ്മയെ കഴുത്തറുത്ത് കൊന്നതായി റിപോര്‍ട്

ഹൈദരാബാദ്: പെണ്‍കുട്ടി പ്രണയത്തില്‍നിന്ന് പിന്മാറിയതിന്റെ വിരോധത്തില്‍ യുവാവ് പെണ്‍കുട്ടിയുടെ അമ്മയെ കഴുത്തറുത്ത് കൊന്നതായി റിപോര്‍ട്.ഹൈദരാബാദ് നഗരത്തിലെ മിയാപൂരിലാണ് പ്രദേശവാസികളെ നടുക്കിയ സംഭവം നടന്നത്. അയോധ്യാ നഗറിലെ ശോഭയെന്ന 45കാരിയാണ് ദാരുണമായി കൊല്ലപ്പെട്ടത്.കൃത്യത്തെ കുറിച്ച് പൊലീസ് പറയുന്നത്: അതിരാവിലെ പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ച് കയറിയായിരുന്നു യുവാവിന്റെ ആക്രമണം. കൊല്ലപ്പെട്ട സ്ത്രീയുടെ 19 വയസുള്ള മകള്‍ വൈഭവിയും സന്ദീപ് എന്നയാളും പ്രണയത്തിലായിരുന്നു.ആറുമാസം മുന്‍പ് ഇവരുടെ പ്രണയബന്ധത്തില്‍ ഉലച്ചില്‍ തട്ടി. ഇതോടെ പെണ്‍കുട്ടി പ്രണയത്തില്‍നിന്ന് പിന്മാറി. ഇതിന്റെ പകയില്‍ ബുധനാഴ്ച രാവിലെ സന്ദീപ് വീട്ടിലെത്തി ആക്രമിക്കുകയായിരുന്നു. വൈഭവിയെ ആക്രമിക്കുന്നത് തടയാനെത്തിയപ്പോഴാണ് ശോഭയ്ക്ക് വെട്ടേറ്റത്.ഇവരുടെ കരച്ചില്‍കേട്ട് ഓടിയെത്തിയ അയല്‍വാസികള്‍ ഇരുവരെയും ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ ശോഭ മരിച്ചു. അമ്മയെയും മകളെയും വെട്ടിവീഴ്ത്തിയതിനുശേഷം സന്ദീപ് സ്വയം കഴുത്തുമുറിച്ച് ആത്മഹത്യയ്ക്കും ശ്രമിച്ചു. ഇയാളും പെണ്‍കുട്ടിയും അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ തുടരുകയാണെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.