റേഷൻ കുത്തരിയും ഗോതമ്പും മോഷ്ടിച്ച സപ്ലൈകോ ഉദ്യോഗസ്ഥനടക്കം നാലു പേർ അറസ്റ്റിൽ; കുടുക്കിയത് CCTV

സിവില് സപ്ലൈസ് കോർപ്പറേഷന്‍റെ സംഭരണ കേന്ദ്രത്തിൽ നിന്ന് റേഷൻ കുത്തരിയും ഗോതമ്പും മോഷ്ടിച്ചു കടത്തിയതിന് സപ്ലൈകോ ജീവനക്കാരൻ ഉൾപ്പെടെ നാലുപേർ പിടിയിൽ. മാവേലിക്കര തട്ടാരമ്പലം സംഭരണകേന്ദ്രത്തിലെ സീനിയർ അസിസ്റ്റന്‍റ് (ഗ്രേഡ്-2) തിരുവനന്തപുരം നെടുമങ്ങാട് ഉഴമലയ്ക്കൽ പുതുക്കുളങ്ങര അശ്വനി വീട്ടിൽ രാജു, വാതിൽപ്പടി റേഷൻവിതരണ കേന്ദ്രം നടത്തുന്ന ഹരിപ്പാട് ചെറുതന പണിക്കർ വീട്ടിൽ സന്തോഷ് വർഗീസ്, ചെറിയനാട് കിഴക്കുംമുറി പ്ലാന്തറയിൽ ജോസഫ് സുകു, മിനിലോറി ഡ്രൈവർ ഹരിപ്പാട് മണ്ണാറശാല നക്രാത്ത് കിഴക്കതിൽ വിഖിൽ എന്നിവരെയാണ് മാവേലിക്കര പോലീസ് പിടികൂടിയത്.ചെങ്ങന്നൂർ താലൂക്കിലെ റേഷൻ കടകളിൽ വിതരണം ചെയ്യാനുള്ള ഭക്ഷ്യധാന്യങ്ങൾ സംഭരിക്കുന്നത് തട്ടാരമ്പലത്തെ സംഭരണകേന്ദ്രത്തിലാണ്. 40 ചാക്ക് അരി, 20 ചാക്ക് ഗോതമ്പ്, ഇവ കടത്താനുപയോഗിച്ച ലോറി, ടെംബോവാൻ എന്നിവയും പിടിച്ചെടുത്തു.ശനിയാഴ്ച ഉച്ചയോടെയാണ് തട്ടാരമ്പലത്തെ സംഭരണകേന്ദ്രത്തിൽ നിന്നും രേഖകളില്ലാതെ അരിയും ഗോതമ്പും പുറത്തേക്ക് കൊണ്ടുപോയത്. ചുമതലക്കാരനായ ഉദ്യോഗസ്ഥൻ പുറത്തുപോയ സമയം നോക്കിയാണ് സംഘം ധാന്യങ്ങൾ കടത്തിയത്. തുടർന്ന് ചുമതലക്കാരനായ ഉദ്യോഗസ്ഥൻ പോലീസിൽ പരാതി നൽകി. സംഭരണകേന്ദ്രത്തിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് സാധനങ്ങൾ കൊണ്ടുപോയ മിനിലോറി തിരിച്ചറിഞ്ഞതോടെ പോലീസ് നീക്കങ്ങള്‍ ആരംഭിച്ചു.ഇതറിഞ്ഞ പ്രതികൾ കടത്തിയ ഭക്ഷ്യധാന്യം ഞായറാഴ്ച ഉച്ചയോടെ പെരിങ്ങേലിപ്പുറം,കാരയ്ക്കാട് എന്നിവിടങ്ങളിലെ ഓരോ റേഷന്‍കടകളിൽ എത്തിച്ചു.അവധി ദിവസം സാധനങ്ങളെത്തിച്ചതിനാലും ബില്ലു നൽകാത്തതിനാലും കടക്കാർ സാധാനങ്ങൾ ഏറ്റുവാങ്ങാന്‍ തയാറയില്ല.എന്നാൽ , തിങ്കളാഴ്ച രാവിലെ ബില്ലെത്തിക്കാമെന്ന് ഉറപ്പ് നല്കിയതിനെ തുടർന്ന് കടക്കാര്‍ സാധനങ്ങൾ വാങ്ങിവെച്ചു. പ്രതികളെ പറ്റു വ്യക്തമായ വിവരം ലഭിച്ചതോടെ പോലീസ് താലുപേരെയും പിടികൂടുകയായിരുന്നു. തുടർന്ന് കടകളിൽ നിന്ന് അരിയും ഗോതമ്പും കണ്ടെടുത്തു.തട്ടാരമ്പലത്തെ സംഭരണ കേന്ദ്രത്തിൽ വൻതട്ടിപ്പു നടക്കുന്നതായാണ് പോലീസിന്റെ നിഗമനം. സപ്ലൈകോ വിജിലൻസ് വിഭാഗം ഗോഡൗണിലെ നീക്കിയിരിപ്പ് പരിശോധിച്ചുവരികയാണ്. റിപ്പോർട്ട് ലഭിക്കുന്നതോടെ കൂടുതൽ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു. ഭക്ഷ്യധാന്യങ്ങൾ മോഷ്ടിച്ചതിനും ഉദ്യോഗസ്ഥൻ അധികാര ദുര്‍വിനിയോഗം നടത്തിയതിനുമാണ് കേസ് എടുത്തിരിക്കുന്നത്.