ഇനി വനിതകളും കമാന്‍ഡോകളാകും; ചരിത്ര നീക്കവുമായി ഇന്ത്യന്‍ നാവികസേന

ന്യൂഡൽഹി: മറൈൻ കമാൻഡോകളായി വനിതകളെ ഉൾപ്പെടുത്താനുള്ള ചരിത്രപരമായ തീരുമാനവുമായി ഇന്ത്യൻ നാവികസേന. ഇനി മുതൽ നാവിക സേനയുടെ മറൈൻ കമാൻഡോകളാകാൻ സ്ത്രീകൾക്ക് അവസരം ലഭിക്കുമെന്ന് മുതിർന്ന ഉദ്യോഗസ്ഥർ പറഞ്ഞു. രാജ്യത്തെ മൂന്ന് പ്രതിരോധ വിഭാഗങ്ങളില്‍ വെച്ച് വനിതകള്‍ക്ക് കമാന്‍ഡോകളായി പ്രവര്‍ത്തിക്കാന്‍ ആദ്യമായി അവസരം നല്‍കുന്നത് നാവികസേനയാണ്.
നിലവിൽ കര, നാവിക, വ്യോമ സേനകളുടെ പ്രത്യേക കമാൻഡോ വിഭാഗങ്ങളിൽ പുരുഷൻമാരാണ് സേവനമനുഷ്ഠിക്കുന്നത്. പ്രത്യേക സേനകളിൽ ഇതുവരെ രഹസ്യസ്വഭാവമുള്ള, പ്രത്യേക പരിശീലനം ലഭിച്ച പുരുഷൻമാർ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും, ഇനി മുതൽ സ്ത്രീകളെയും ഇതിനായി പരിഗണിക്കും.
നാവിക സേനയിലെ വനിതകൾക്ക് മാനദണ്ഡമനുസരിച്ച് തിരഞ്ഞെടുത്താൽ മറൈൻ കമാൻഡോകളാകാം. ഇന്ത്യൻ സൈന്യത്തിന്‍റെ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലാണ് ഈ തീരുമാനം. അഗ്നിവീർ ആയി സേനയിൽ ചേരുന്നവർക്കും കമാൻഡോകളാകാൻ കഴിയുമെന്ന് ഒരു നേവി ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നു.