സേനാപതി പഞ്ചായത്തിൽ ജെൻഡർ ബോധവത്കരണ ക്യാമ്പയിൻ സംഘടിപ്പിച്ചു

സ്ത്രീ ശിശു സൗഹൃദയിടം സൃഷ്ടിക്കുക സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ പ്രതിരോധിക്കുക ലിംഗനീതിയിലേക്ക് സമൂഹത്തെ നയിക്കുക എന്നീ ലക്ഷ്യങ്ങൾ മുൻ നിർത്തി കുടുംബശ്രീ ജില്ലാ മിഷനും ജൻഡർ റിസോഴ്സ് സെന്ററും സേനാപതി ഗ്രാമ പഞ്ചായത്തും സി ഡി എസും സംയുക്തമായി ജൻഡർ ബോധവത്കരണ ക്യാമ്പയിൻ സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് തിലോത്തമ സോമൻ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ പി പി എൽദോസ് അദ്ധ്യക്ഷത വഹിച്ചു.തുടർന്ന് ‘ജൻഡർ വയലൻസ് ‘ എന്ന വിഷയത്തിൽ കമ്യൂണിറ്റി കൗൺസിലർ റാഹേൽ മാത്യു, ആർ പി മിനി ജോസഫ് എന്നിവർ ക്ലാസ്സുകൾ എടുത്തു. ജൻഡർ വയലൻസ് എങ്ങനെയെല്ലാം തടയാം, എവിടെ പരാതിപ്പെടണം, അതിന്റെ നിയമ വശങ്ങൾ എന്തെല്ലാം തുടങ്ങിയ കാര്യങ്ങളെക്കുറിച്ചെല്ലാം ക്ലാസിൽ പ്രതിപാദിച്ചു. തുടർന്ന് ലിംഗ പദവി സമത്വത്തേക്കുറിച്ചും ലിംഗാധിഷ്ഠിത അതിക്രമങ്ങൾക്കെതിരെയും പൊതു ജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനായി പഞ്ചായത്ത് പ്രസിഡന്റിന്റേയും പഞ്ചായത്ത് അംഗങ്ങളുടെയും നേതൃത്വത്തിൽ സി ഡി എസ് അംഗങ്ങളും കുടുംബശ്രീ അംഗങ്ങളും സേനാപതി ടൗണിലേയ്ക്ക് ജൻഡർ ബോധവത്കരണ റാലിയും നടത്തി.കേന്ദ്രാവിഷ്കൃത പദ്ധതിയായ ദേശീയ ഗ്രാമീണ ഉപജീവന മിഷൻ ‘നയി ചേതന’ എന്ന പേരിൽ നടത്തുന്ന ദേശീയ ക്യാമ്പയിന്റെ ഭാഗമായി ഡിസംബർ 23 വരെ രാജ്യത്താകെ അയൽക്കൂട്ടതലം വരെ വിവിധ പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. ഇതിന്റെ ഭാഗമാണ് പഞ്ചായത്തിൽ പരിപാടികൾ സംഘടിപ്പിച്ചത്.