ലഹരിക്കടത്തിന് തടയിടാൻ സ്പെഷല്‍ ഡ്രൈവ്

തൊടുപുഴ: ക്രിസ്മസ്-പുതുവത്സരാഘോഷം ലഹരിയില്‍ മുങ്ങാതിരിക്കാന്‍ ജാഗ്രതയോടെ എക്സൈസ്. വ്യാജമദ്യവും ലഹരി വസ്തുക്കളുടെ കടത്തും വിപണനവും തടയാന്‍ സ്പെഷല്‍ എന്‍ഫോഴ്സ്മെന്‍റ് ഡ്രൈവ് ജില്ലയില്‍ ആരംഭിച്ചുഇതിന്റെ ഭാഗമായി വാഹന പരിശോധന ഉള്‍പ്പെടെ കര്‍ശനമാക്കിയിട്ടുണ്ട്.മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ലഹരിമരുന്ന് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രതയോടെയാണ് എക്സൈസ് മുന്നോട്ടുപോകുന്നത്. അബ്കാരി-എന്‍.ഡി.പി.എസ് കേസുകളിലെ സ്ഥിരം കുറ്റവാളികള്‍ക്കെതിരെ മുന്‍കരുതല്‍ നടപടി കൈക്കൊള്ളാനും നിര്‍ദേശമുണ്ട്. ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങള്‍ ലക്ഷ്യമാക്കി വ്യാജമദ്യം, ലഹരി വസ്തുക്കള്‍ എന്നിവ വ്യാപകമായി എത്താനിടയുണ്ടെന്ന മുന്നറിയിപ്പുകളെത്തുടര്‍ന്നാണ് എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനം ശക്തമാക്കിയത്.
കണ്‍ട്രോള്‍ റൂം തുറന്നു
മദ്യ-ലഹരിമരുന്ന് കുറ്റകൃത്യങ്ങള്‍ നേരിടുന്നതിന് ഇടുക്കി എക്സൈസ് ഡിവിഷന്‍ ഓഫിസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. ജനുവരി മൂന്നുവരെ പ്രവര്‍ത്തിക്കും. വ്യാജമദ്യ, ലഹരിമരുന്നുകളെക്കുറിച്ച് ലഭിക്കുന്ന വിവരങ്ങള്‍ തൊടുപുഴയിലെ കണ്‍ട്രോള്‍ റൂമില്‍ അറിയിക്കാം.
ഇത്തരത്തില്‍ ലഭിക്കുന്ന വിവരങ്ങളില്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുന്നതിന് സര്‍ക്കിള്‍തലത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്ട്രൈക്കിങ് ഫോഴ്സ് ടീമിനെ നിയമിച്ചിട്ടുണ്ട്.ലൈസന്‍സ് സ്ഥാപനങ്ങളില്‍നിന്നല്ലാതെ മദ്യം വാങ്ങി ഉപയോഗിക്കരുതെന്നും വ്യാജമദ്യ ഉപയോഗം മരണത്തിനുവരെ ഇടയാക്കാമെന്നും എക്സൈസ് മുന്നറിയിപ്പ് നല്‍കുന്നു.
വിവരങ്ങള്‍ അറിയിക്കാം
ജില്ലതല എക്സൈസ് കണ്‍ട്രോള്‍ റൂം – 18004253415 (ടോള്‍ഫ്രീ നമ്ബര്‍)
ഡെപ്യൂട്ടി എക്സൈസ് കമീഷണര്‍ ഇടുക്കി, തൊടുപുഴ – 04862 222493, 9447178058.
അസി.എക്സൈസ് കമീഷണര്‍ (എന്‍ഫോഴ്സ്മെന്റ്), ഇടുക്കി -04862 232469, 9496002866
നാര്‍കോട്ടിക് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ്, അടിമാലി-04864 225782
പിടികൂടിയത് 30 കിലോ കഞ്ചാവ്; 12.899 ഗ്രാം എം.ഡി.എ
പരിശോധനകളും ബോധവത്കരണവുമൊക്കെ കടുപ്പിക്കുമ്ബോഴും ലഹരിക്കടത്ത് കേസുകളില്‍ പിടിയിലാകുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. ജനുവരി ഒന്നു മുതല്‍ ഡിസംബര്‍ ഏഴു വരെ 30 കിലോ കഞ്ചാവ് പിടിച്ചെടുത്തു. ഇവയോടൊപ്പം സിന്തറ്റിക് ഡ്രഗ്സുകളുടെ ഉപയോഗവും വിപണനവും ജില്ലയില്‍ കൂടി വരുന്നതായാണ് എക്സൈസിന്‍റെ കണക്കുകള്‍ പറയുന്നത്.
ഇക്കാലയളവില്‍ 12.899 ഗ്രാം എം.ഡി.എ കണ്ടെടുത്തു. ഒരു ഗ്രാമിന് 10,000 വരെ ഇവര്‍ ആവശ്യക്കാരില്‍നിന്ന് ഈടാക്കുന്നു. അര ഗ്രാമിന് മുകളില്‍ കൈവശം വെച്ചാല്‍ 10 വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ഓണ്‍ലൈന്‍ വഴിയുള്ള ഇടപാടുകളും സജീവമാണ്. പിടിയിലാകുന്നവരെല്ലാം ഇടനിലക്കാരാണ്.
പരിശോധന വ്യാപകമാക്കിയ സാഹചര്യത്തിലാണ് പിടികൂടുന്ന കേസുകളുടെ എണ്ണം വര്‍ധിക്കുന്നതെന്ന് അധികൃതര്‍ പറയുമ്ബോഴും പിടികൂടുന്ന കേസുകള്‍ പരിശോധിച്ചാല്‍ ലഹരിയുടെ സ്വാധീനം ജില്ലയില്‍ വര്‍ധിക്കുന്നതായാണ് കണക്കുകള്‍. ജനുവരി മുതല്‍ നവംബര്‍ വരെ 505 മയക്കുമരുന്ന് കേസാണ് പിടികൂടിയത്.
819 അബ്കാരി കേസും പിടികൂടി. തൊടുപുഴ കേന്ദ്രീകരിച്ച് പിടിയിലാകുന്നവരുടെ എണ്ണവും കൂടി വരുകയാണ്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ 17 മയക്കുമരുന്ന് കേസും 18 അബ്കാരി കേസും തൊടുപുഴയില്‍ മാത്രം പിടികൂടി. ലഹരി വില്‍പനയുടെ ഹബായി തൊടുപുഴ മാറുന്നതായി എക്സൈസ് അധികൃതരും ചൂണ്ടിക്കാട്ടുന്നു