കണ്ടല്‍കാടിന്റെ തണുപ്പും ശുദ്ധമായ വായുവും കുളിര്‍ കാറ്റുമേകി ജൈവ വൈവിദ്ധ്യത്തിന്റെ മാതൃകയാവുകയാണ് ദേവികുളങ്ങര ഗ്രാമപഞ്ചായത്തിലെ തണ്ണീര്‍വനം

ആലപ്പുഴ: കണ്ടല്‍കാടിന്റെ തണുപ്പും ശുദ്ധമായ വായുവും കുളിര്‍ കാറ്റുമേകി ജൈവ വൈവിദ്ധ്യത്തിന്റെ മാതൃകയാവുകയാണ് ദേവികുളങ്ങര ഗ്രാമപഞ്ചായത്തിലെ തണ്ണീര്‍വനം.കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ കണ്ടുവരുന്ന പീക്കണ്ടല്‍, വള്ളിക്കണ്ടല്‍, കരക്കണ്ടല്‍, എഴുത്താണിക്കണ്ടല്‍, കണ്ണാമ്ബൊട്ടി തുടങ്ങി ഒന്‍പതോളം ഇനങ്ങളിലുള്ള വിവിധ കണ്ടല്‍ ചെടികളാണ് ഇവിടെയുള്ളത്.സാമൂഹിക വനവത്കരണത്തിന്റെ ഭാഗമായി കുട്ടനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി വനം വകുപ്പിന്റെ പദ്ധതിയായി 2011-ലാണ് അഞ്ചരയേക്കര്‍ സ്ഥലത്ത് കണ്ടല്‍ സംരക്ഷണം ആരംഭിക്കുന്നത്. 2022 നവംബര്‍ ഏഴിന് യു. പ്രതിഭ എം.എല്‍.എ. തണ്ണിര്‍വനം നാടിന് സമര്‍പ്പിച്ചു.കൃഷി വകുപ്പ് മുന്‍ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ കെ.ആര്‍. അനില്‍ കുമാറിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് തണ്ണീര്‍വനം വികസിപ്പിച്ചത്. വില്ലേജ് ഫാം ടൂറിസവും ഇവിടെ നടപ്പാക്കുന്നുണ്ട്. നിരവധിയാളുകളാണ് ഉല്ലാസത്തിനും പഠന ആവശ്യങ്ങള്‍ക്കുമായി തണ്ണീര്‍വനം കാണാന്‍ എത്തുന്നത്. കണ്ടല്‍ചെടികള്‍ക്കൊപ്പം ജലാശയങ്ങളില്‍ മത്സ്യകൃഷിയും ഇടകലര്‍ത്തി സമ്മിശ്ര കൃഷിയാണ് ചെയ്തുവരുന്നത്. ആവശ്യക്കാര്‍ക്ക് സൗജന്യമായി കണ്ടല്‍ തൈകളും വിതരണം ചെയ്യുന്നുണ്ട്.