ഡ്യൂട്ടിക്കിടയിൽ പോലീസുകാരനെ മർദ്ദിച്ചു; അഞ്ചംഗ സംഘത്തെ മൂന്നാര്‍ പോലീസ് അറസ്റ്റ് ചെയ്തു
അടിമാലി: തൃക്കാര്‍ത്തിക ഉത്സവവുമായി ബന്ധപ്പെട്ട് മൂന്നാറില്‍ വാഹനം നിയന്ത്രിച്ച പോലീസുകാരനെ ആക്രമിച്ച് പരിക്കേല്‍പിച്ചു.സംഭവത്തില്‍ അഞ്ചംഗ സംഘത്തെ മൂന്നാര്‍ പോലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച രാത്രിയാണ് സംഭവം നടന്നത്. മൂന്നാറില്‍ സ്പെഷ്യല്‍ ഡ്യൂട്ടിക്കെത്തിയ ഇടുക്കി എ.ആര്‍ ക്യാമ്ബിലെ സിവില്‍ പോലീസ് ഓഫിസര്‍ വിഷ്ണു വി. കുമാറിനെയാണ് ഓട്ടോയിലെത്തിയവര്‍ സംഘം ചേര്‍ന്ന് ആക്രമിച്ച് പരിക്കേല്‍പിച്ചത്.സംഭവവുമായി ബന്ധപ്പെട്ട് മാട്ടുപ്പെട്ടി ഗ്രഹാംസ് ലാന്‍ഡ് സ്വദേശികളായ ദീപന്‍ (23), സഹോദരന്‍ സുരേഷ് കണ്ണന്‍ (21), സുഹൃത്തുക്കളായ മുകേഷ് (24), രാജേഷ് (21), വേലന്‍ (19) എന്നിവരെയാണ് മൂന്നാര്‍ എസ്.എച്ച്. ഒ കെ.പി. മഹേഷ്, എസ്.ഐ ഷാഹുല്‍ ഹമീദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.കാര്‍ത്തിക ഉത്സവത്തോടനുബന്ധിച്ച് പ്രദേശത്ത് വലിയ ഗതാഗത തടസ്സം ഉണ്ടായി. ഈ സമയം പ്രതികള്‍ എത്തിയ ഓട്ടോ മറ്റൊരു ദിശയിലൂടെ തിരിച്ച് വിടാന്‍ പോലീസുകാരന്‍ പറഞ്ഞപ്പോള്‍ പ്രകോപിതരായ സംഘം പൊലീസുകാരനെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ സാരമായി പരിക്കേറ്റ പോലീസുകാരന്‍ മൂന്നാര്‍ ടാറ്റാ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.