മലയോരമേഖലയില്‍ കഞ്ചാവിന്റെയും നിരോധിത പുകയില ഉത്പ്പന്നങ്ങളുടെയും കച്ചവടം വ്യാപിക്കുന്നു. പ്രധാനമായും കോളേജുകളും സ്‌കൂളുകളും കേന്ദ്രീകരിച്ചാണ് കച്ചവടം നടക്കുന്നത്
വെള്ളറട: മലയോരമേഖലയില്‍ കഞ്ചാവിന്റെയും നിരോധിത പുകയില ഉത്പ്പന്നങ്ങളുടെയും കച്ചവടം വ്യാപിക്കുന്നു. പ്രധാനമായും കോളേജുകളും സ്‌കൂളുകളും കേന്ദ്രീകരിച്ചാണ് കച്ചവടം നടക്കുന്നത്.സന്ധ്യമയങ്ങിയാല്‍ പ്രധാന കവലകളിലും പൊതി കഞ്ചാവ് സുലഭമായി ലഭിക്കുന്നു.തമിഴ്നാടിനോട് ചേര്‍ന്ന് കിടക്കുന്ന അതിര്‍ത്തിയിലെ വെള്ളറട ആറാട്ടുകുഴി, പനച്ചമൂട്, ചെറിയകൊല്ല, കാരക്കോണം, കന്നുമാംമൂട് പ്രദേശങ്ങളില്‍ കഞ്ചാവ് സുലഭമാണ്. അതിര്‍ത്തി വഴി യാതൊരു പരിശോധനയുമില്ലാതെ എത്തുന്ന കഞ്ചാവ് ഗോഡൗണുകളില്‍ സൂക്ഷിച്ച ശേഷമാണ് ഇരുചക്രവാഹനങ്ങളിലായി കച്ചവടത്തിന് എത്തിക്കുന്നത്. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സംഘങ്ങള്‍ ഇപ്പോള്‍ കച്ചവടത്തിനെത്തുന്നുണ്ട്. വിദ്യാര്‍ത്ഥികളാണ് സംഘത്തിന്റെ ഇരകളില്‍ ഏറെയും. വിദ്യാര്‍ത്ഥികളെയും കച്ചവടത്തിനായി ഉപയോഗിക്കുന്നത് പതിവാണ്. സ്‌കൂള്‍ പരിസരങ്ങളില്‍ വിദ്യാര്‍ത്ഥികളിലൂടെ രഹസ്യമായി ആവശ്യമുള്ളവര്‍ക്ക് പൊതി രൂപത്തിലാക്കിയ കഞ്ചാവ് എത്തിക്കുന്നു. കോളനികള്‍ കേന്ദ്രീകരിച്ച് വന്‍ കഞ്ചാവു വില്‍പ്പന സംഘങ്ങള്‍ തന്നെ പ്രവര്‍ത്തിക്കുന്നതായി നാട്ടുകാര്‍ പറയുന്നു.കച്ചവടസംഘത്തിന്റെ ഭീഷണിയെ പേടിച്ച് പുറത്ത് പറയാന്‍പോലും കഴിയാത്ത അവസ്ഥയാണ്. കഞ്ചാവുമായി പോകുന്ന ഇരുചക്ര വാഹനങ്ങളുടെ മരണപാച്ചിലും പേടിച്ച് റോഡില്‍ പോലും നില്‍ക്കാന്‍ കഴിയാത്ത അവസ്ഥയിലാണിന്ന് ഗ്രാമങ്ങള്‍. പനച്ചമൂട് കേന്ദ്രീകരിച്ച് വ്യാപകമായ തോതില്‍ നിരോധിത പുകയില ഉത്പ്പന്നങ്ങളുടെ വില്പനയും നടക്കുന്നുണ്ട്. നിരന്തരമായുള്ള പരിശോധനകള്‍ ഉണ്ടെങ്കില്‍ മാത്രമേ നിരോധിത പുകയില വസ്തുക്കളുടെ വില്പന തടയാന്‍ കഴിയു.
സ്ത്രീകളും രംഗത്ത്
ആറാട്ടുകുഴിയും പനച്ചമൂടും കേന്ദ്രീകരിച്ച് വന്‍ കഞ്ചാവ് വില്പന സംഘങ്ങള്‍ തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. യുവാക്കളെ ആകര്‍ഷിക്കാന്‍ യുവതികളായ സ്ത്രീകളെയും വില്പന സംഘങ്ങള്‍ ബൈക്കുകളും മറ്റ് വാഹനങ്ങളും നല്‍കി രംഗത്തിറക്കിയിട്ടുണ്ട്. കച്ചവടം വ്യാപകമായതോടെ മലയോരഗ്രാമങ്ങളില്‍ നിന്നും എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റിന് നിരവധി പരാതികള്‍ ലഭിക്കുന്നുണ്ട്. എങ്കിലും കച്ചവട സംഘത്തിലെ പ്രധാന കണ്ണികളെ കണ്ടെത്താന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. അടുത്ത കാലങ്ങളിലായി കഞ്ചാവ് ഉപയോഗിക്കുന്ന യുവാക്കളുടെ ഇടയില്‍ ആത്മഹത്യ പ്രവണതയും കൂടിയിട്ടുണ്ട്. കഞ്ചാവിന് അടിമയാകുന്നവര്‍ ഏറെയും യുവാക്കളായതിനാല്‍ ഇവര്‍ക്ക് അടിയന്തരമായി ബോധവത്കരണം നല്‍കേണ്ടത് അത്യാവശ്യമാണ്.