1973 ൽ ‘നമ്മൾ’ കെൽട്രോൺ ആരംഭിച്ചെന്ന് മന്ത്രി പി. രാജീവ്; അന്നും ഒരു മുഖ്യമന്ത്രി ഉണ്ടായിരുന്നു എന്ന് ഓർമിപ്പിച്ച് സോഷ്യൽ മീഡിയ
ഗ്രഫീന്‍ ഉപയോഗിച്ചുള്ള കേരളത്തിന്‍റെ വികസന സാധ്യതകളെ കുറിച്ച് നിയമസഭയില്‍ സംസാരിക്കുന്നതിനിടെ കെല്‍ട്രോണ്‍ സ്ഥാപിച്ച 1973 ലെ കേരള മുഖ്യമന്ത്രിയുടെ പേര് വിസ്മരിച്ച മന്ത്രി പി.രാജീവിനെ ഓര്‍മ്മപ്പെടുത്തി സോഷ്യല്‍ മീഡിയ. ചൊവാഴ്ച നടന്ന നിയമസഭ സമ്മേളനത്തില്‍ മന്ത്രി നടത്തിയ പ്രസംഗത്തിന്‍റെ ദൃശ്യങ്ങള്‍ മന്ത്രി ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു.
ടെക്നോപാര്‍ക്ക് സ്ഥാപിച്ച ഇ.കെ നായനാരെ കുറിച്ച് പറഞ്ഞ മന്ത്രി കെല്‍ട്രോണ്‍ സ്ഥാപിച്ച സിപിഐയുടെ മുഖ്യമന്ത്രിയായ സി. അച്യുത മേനോന്‍റെ പേര് വിസ്മരിച്ചതിനെതിരാണ് കമന്‍റുകള്‍ പ്രത്യക്ഷപ്പെട്ടത്.
‘1973ൽ നമ്മൾ കെൽട്രോൺ തുടങ്ങി. നായനാർ കേരളത്തിന്റെ മുഖ്യമന്ത്രി ആയിരിക്കുമ്പോൾ നമ്മൾ ടെക്നോപാർക്ക് തുടങ്ങി. ഭാവിയിൽ ഗ്രഫീന്റെ കാര്യത്തിലും ഒരു നാഴികക്കല്ലായി നമുക്ക് ഈ മുന്നേറ്റത്തെ ചൂണ്ടിക്കാണിക്കാൻ സാധിക്കും’ എന്നായിരുന്നു മന്ത്രിയുടെ വാക്കുകള്‍.
സിപിഐകാരനായ അച്യുതമേനോന്‍റെ പേര് മാര്‍കിസ്റ്റുകാര്‍ മനപൂര്‍വം മറന്നതാണോ എന്നാണ് കമന്‍റ് ബോക്സില്‍ ഉയരുന്ന ചോദ്യം.
‘1973ൽ കെൽട്രോൺ തുടങ്ങുമ്പോഴും കേരളത്തിൽ ഒരു ‘മുഖ്യമന്ത്രി’ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ പേര് സഖാവ് സി. അച്യുതമേനോൻ എന്നായിരുന്നു.., ‘അച്യുതമേനോന്റെ പേര് ആരൊക്കെ മായിക്കാൻ ശ്രമിച്ചാലും അത് കേരള ചരിത്രത്തിൽ കൂടുതൽ ശോഭയോടെ എപ്പോഴും തിളങ്ങി നില്‍ക്കും’…,
‘Technopark തുടങ്ങിയത് നായനാർ എന്ന് പറയും പക്ഷേ കെൽട്രോൺ പറയുമ്പോൾ അച്യുതമേനോൻ എന്ന് പറയില്ല. Technopark നു അടക്കം മേൽനോട്ടം നയിച്ച നമ്പ്യാരെ കേരളത്തിൽ എത്തിച്ചതു അച്യുതമേനോൻ എന്ന് പറയില്ല. അതാണ് മാർക്സിസ്റ്റ് പാർട്ടിയുടെ അച്യുതമേനോൻ വിരോധം. സംഘികളുടെ നെഹ്‌റു വിരോധം സമാനമാണ്’.. എന്നിങ്ങനെയാണ് മന്ത്രിയെ ഓര്‍മപ്പെടുത്തിയുള്ള കമന്‍റുകള്‍.
കേരളത്തിന്‍റെ വ്യാവസായിക വികസന മുന്നേറ്റത്തിന് ഊര്‍ജം നല്‍കിയ പദ്ധതിയായിരുന്നു 1973 ല്‍ ആരംഭിച്ച കെല്‍ട്രോണ്‍. സംസ്ഥാനത്തിന്‍റെ സാങ്കേതിക മേഖലയുടെ പിന്നീടങ്ങോട്ടുള്ള വളര്‍ച്ചയ്ക്ക് നിര്‍ണായക പങ്കുവഹിച്ചതും കെല്‍ട്രോണാണ്.