കുമളിയിൽ തോട്ടഭൂമി വില്‍ക്കുന്നു ; നിയമ വിരുദ്ധ കച്ചവടത്തിൽ പങ്കാളിയായി പഞ്ചായത്തും
കുമളി :എം.എം.ജെ. പ്ലാന്റേഷന്‍റെ കൈവശമിരുന്ന ചുരക്കുളം എസ്റ്റേറ്റിന്‍റെ തോട്ട ഭൂമിയാണ് മുറിച്ച് വില്‍പന നടത്തുന്നത്. ഇത്തരത്തിൽ നിയമം ലംഘിച്ച് മുറിച്ചു വിറ്റ ഭൂമി വികസന പ്രവർത്തനങ്ങൾക്കായി കുമളി പഞ്ചായത്തും വാങ്ങുന്നു.
പെരിയാര്‍ വില്ലേജില്‍നിന്നും കുമളി വില്ലേജിന്‍റെ ഭാഗമാക്കിയ സര്‍വേ നമ്പര്‍ 65 D സ്ഥലം ചുരക്കുളം ടീ എസ്റ്റേറ്റിന്‍റെ തോട്ടഭൂമിയില്‍ ഉള്‍പ്പെട്ടതാണ്. 2008 ഇതിൽ കുറച്ചു ഭാഗം മുറിച്ചു വിറ്റു. തോട്ടം മുറിച്ചു വില്‍ക്കാനോ തരം മാറ്റാനോ കെട്ടിടങ്ങള്‍ പണിയാനോ പാടില്ലെന്ന നിയമം ലംഘിച്ചായിരുന്നു വിൽപന.
ഈ സ്ഥലമാണിപ്പോൾ വീണ്ടും മുറിച്ചു വിൽക്കുന്നത്. വിറ്റതിൽ ചിലയിടത്ത് പഞ്ചായത്തിന്‍റെ പെര്‍മിറ്റു പോലുമില്ലാതെ നിർമാണം തകൃതിയായി നടക്കുന്നു. ബി.ടി.ആറില്‍ പുരയിടം എന്ന രേഖപ്പെടുത്തിയിരിക്കുന്നതിനാല്‍ കെട്ടിടം പണിയാന്‍ തടസമില്ലെന്ന് കുമളി വില്ലേജ് ഓഫസര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുണ്ട്.
തോട്ടം ഭൂമിയാണെന്നും തോട്ടം നികുതി അടച്ചിരുന്നതാണെന്നുമുള്ള വസ്തുതകള്‍ മറച്ചു വച്ചാണ് വില്ലേജ് ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ്.
കുമളി പഞ്ചായത്തും അഞ്ചരയേക്കര്‍ സ്ഥലം ആണ് വാങ്ങുന്നത്. കൈവശക്കാരൻ നൽകിയ രേഖകളിൽ തോട്ടം മുറിച്ച് വാങ്ങിയതാണെന്ന് വ്യക്തമായിട്ടും പഞ്ചായത്ത് നടപടികളുമായി മുന്നോട്ടു പോകുകയാണ്. സ്റ്റേഡിയം, സ്‌ക്കൂള്‍ എന്നിവക്കാണ് നിർമ്മാണ നിരോധമുള്ള സ്ഥലം വാങ്ങുന്നത്. സർക്കാരിൽ സമ്മർദം ചെലുത്തി നിർമാണം നടത്താനുളള ശ്രമങ്ങളും നടക്കുന്നുണ്ട്. സെന്റിന് 70,000 രൂപ വിലയുള്ള ഭൂമി ഒരുലക്ഷത്തി ഇരുപത്തിയെട്ടായിരം രൂപയ്ക്കാണ് പഞ്ചായത്ത് വാങ്ങുന്നത് എന്നാണ് സൂചന.