വിവാഹപൂർവ ലൈംഗികത നിരോധിച്ചു; നിയമം പാസാക്കി ഇന്തോനേഷ്യ
ജക്കാർത്ത: വിവാഹം കഴിക്കാതെയുള്ള ലൈംഗികബന്ധം ക്രിമിനൽ കുറ്റമാക്കി ഇന്തോനേഷ്യ. ഭാര്യാഭർത്താക്കൻമാരല്ലാത്ത ഒരു വ്യക്തിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതും, വിവാഹം കഴിക്കാതെ ഒരു പുരുഷനും സ്ത്രീയും ഒരുമിച്ച് താമസിക്കുന്നതുമടക്കം നിരോധിച്ചിട്ടുണ്ട്. നിയമം ലംഘിക്കുന്നവർക്ക് വ്യഭിചാരക്കുറ്റത്തിന് ഒരു വർഷം വരെ തടവ് ശിക്ഷ ലഭിക്കും. രാജ്യത്തെ സ്വദേശികൾക്കും വിദേശികൾക്കും ഈ നിയമം ബാധകമാണ്. പാർലമെന്‍റ് ഏകപക്ഷീയമായാണ് നിയമം പാസാക്കിയത്.
പ്രസിഡന്‍റിനെ അപമാനിക്കുന്നതും ക്രിമിനൽ കുറ്റമാക്കിയിട്ടുണ്ട്. ബില്ലിന്മേലുള്ള ചർച്ചയിൽ വ്യത്യസ്ത അഭിപ്രായങ്ങൾ ഉൾക്കൊള്ളാൻ പരമാവധി ശ്രമിച്ചിരുന്നുവെന്നും എന്നാൽ നിയമ ഭേദഗതിയിൽ ചരിത്രപരമായ തീരുമാനമെടുത്തെന്നും കൊളോണിയൽ ക്രിമിനൽ കോഡ് ഉപേക്ഷിക്കാൻ സമയമായെന്നും നിയമമന്ത്രി യാസോന ലാവോലി പാർലമെന്‍റിനെ അറിയിച്ചു.
വ്യഭിചാരക്കുറ്റം ആരോപിക്കപ്പെടുന്ന വ്യക്തിയുടെ ഭർത്താവിൽ നിന്നോ ഭാര്യയിൽ നിന്നോ മാതാപിതാക്കളിൽ നിന്നോ പരാതിയുണ്ടെങ്കിൽ കേസെടുക്കും. കോടതിയിൽ വിചാരണ ആരംഭിക്കുന്നതിന് മുമ്പ് പരാതികൾ പിൻവലിക്കാനും കഴിയും. മൂന്ന് വർഷം മുമ്പും നിയമം പാസാക്കാൻ നീക്കം നടന്നിരുന്നെങ്കിലും രാജ്യവ്യാപകമായി പ്രതിഷേധം ഉയർന്നതിനെ തുടർന്ന് ഇത് പിൻവലിക്കുകയായിരുന്നു. പതിനായിരക്കണക്കിന് ആളുകളാണ് ബില്ലിനെതിരെ അന്ന് തെരുവിലിറങ്ങിയത്.