കോര്‍പറേഷനു വേണ്ടി കേസു വാദിച്ച വകയില്‍ കിട്ടാനുള്ള ഫീസിനായി ഹൈക്കോടതിയെ സമീപിച്ച് അഭിഭാഷകര്‍

കൊച്ചി : കോര്‍പറേഷനു വേണ്ടി കേസു വാദിച്ച വകയില്‍ കിട്ടാനുള്ള ഫീസിനായി ഹൈക്കോടതിയെ സമീപിച്ച് അഭിഭാഷകര്‍.വക്കീല്‍ ഫീസിനത്തില്‍ ലക്ഷങ്ങള്‍ നല്‍കാനുണ്ടായിട്ടും കുലുക്കമില്ലാതെ ഉദ്യോഗസ്‌ഥരും.
ഈ വര്‍ഷമാദ്യം ഒരു കൂട്ടം അഭിഭാഷകര്‍ ഫീസ് കുടിശികയില്‍ തീര്‍പ്പുണ്ടാകണമെന്ന് ആവശ്യമുയര്‍ത്തി ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഇതില്‍ എതിര്‍ സത്യവാങ്ങ്‌മൂലം സമര്‍പ്പിക്കാന്‍ പോലും കോര്‍പറേഷന്‍ ഉദ്യോഗസ്‌ഥര്‍ തയാറായിട്ടില്ലെന്ന് അഭിഭാഷകര്‍ ആരോപിക്കുന്നു.ഒഴിവാക്കുകയായിരുന്നു ലക്ഷ്യം. ഇതിനിടെ, നേരത്തെ സ്‌റ്റാന്‍ഡിംഗ് കോണ്‍സലായിരുന്ന അഭിഭാഷക ജഡ്‌ജിയായി മാറിയപ്പോള്‍ കൈയോടെ ഫീസ് നല്‍കാനും കോര്‍പറേഷന്‍ തയാറായി.
കോര്‍പറേഷനിലെഉദ്യോഗസ്‌ഥര്‍ക്കെതിരേ വരുന്ന നോട്ടിസുകള്‍ക്കും വാറന്റുകള്‍ക്കും കോടതിയലക്ഷ്യത്തിനുമെല്ലാം ഹാജരാകുന്ന അഭിഭാഷകരാണ് അതേ ഉദ്യോഗസ്‌ഥരുടെ ദയതേടി മാസങ്ങളായി കോടതി കയറിയിറങ്ങുന്നത്. കോര്‍പറേഷന്‍ ഭരണം ഏതു വന്നാലും ഉദ്യോഗസ്‌ഥരുടെ നിലപാടിനു മാറ്റമില്ല. ഫീസിനത്തില്‍ ഏകദേശം 50 ലക്ഷത്തോളം രൂപ വിവിധ അഭിഭാഷകര്‍ക്ക് കിട്ടാനുണ്ടെന്നാണ് കണക്ക്.