കോട്ടയം മുതല്‍ ഇടുക്കി വരെ ഓടിയ കാറിന്റെ സ്പീഡോമീറ്ററില്‍ കാണിച്ചത് പൂജ്യം കിലോമീറ്റര്‍; എംവിഡി ഒരുലക്ഷം രൂപ പിഴ ചുമത്തി.

ഇടുക്കി : കോട്ടയം മുതല്‍ ഇടുക്കി വരെ ഓടിയ കാറിന്റെ സ്പീഡോമീറ്ററില്‍ കാണിച്ചത് പൂജ്യം കിലോമീറ്റര്‍. കാറിന്റെ സ്പീഡോമീറ്റര്‍ ഊരി മാറ്റിവെച്ചാണ് വാഹന ഡീലര്‍ കാര്‍ ഓടിച്ചത്. കുമളിയില് നിന്ന് തിരിച്ച് പോകും വഴി കാര്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശോധനയില്‍ കുടുങ്ങുകയായിരുന്നു. ഇതോടെ എംവിഡി ഒരുലക്ഷം രൂപ പിഴ ചുമത്തി. കോട്ടയത്ത് കാഞ്ഞിരപ്പള്ളിയിലെ വിപണന കേന്ദ്രത്തില്‍ നിന്ന് ഇടുക്കിയിലേക്ക് ഉപഭോക്താവിനെ കാണിക്കാന്‍ വേണ്ടിയാണ് ഡീലര്‍ കാര്‍ കൊണ്ടുപോയത്. പുതിയ വാഹനമെന്ന് ഉപഭോക്താവിനെ തെറ്റിദ്ധരിപ്പിച്ച് വില്‍പ്പനയ്‌ക്ക് ശ്രമിക്കുകയായിരുന്നു ഇയാള്‍. എന്നാല്‍ തിരിച്ച് വരുംവഴി എംവിഡിയുടെ മുന്നില്‍ പെട്ടു. കോട്ടയത്ത് നിന്ന് കുമളിവരെയും അവിടെ നിന്നും തിരിച്ച് ഓടിയിട്ടും സ്പീഡോ മീറ്ററില്‍ കിലോമീറ്റര്‍ രേഖപ്പെടുത്തുന്നിടത്ത് പൂജ്യമായിരുന്നു കാണിച്ചിരുന്നത്. ഇത് ഉദ്യോഗസ്ഥര്‍ക്ക് സംശയത്തിനിടയാക്കി. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ സ്പീഡോമീറ്ററിന്റെ കേബിള്‍ ഇയാള്‍ അഴിച്ചുമാറ്റിയതായി കണ്ടെത്തി. ഇതോടെ മോട്ടോര്‍ വാഹന നിയമ ലംഘന ശിക്ഷാ നിയമ പ്രകാരം 1,03,000 രൂപ പിഴ ചുമത്തിയ ശേഷം വാഹനം എംവിഡി ഡീലര്‍ക്ക് വിട്ടുനല്‍കുകയായിരുന്നു. ഏറെ ദൂരം ഓടിയ വാഹനങ്ങള്‍ പുതിയ വാഹനമെന്ന് പറഞ്ഞ് ഉപഭോക്താവിനെ തെറ്റിദ്ധരിപ്പിച്ച് വില്‍പ്പക്കാന്‍ ശ്രമിക്കുന്നത് നിയമ വിരുദ്ധവും വഞ്ചനയുമാണെന്ന് എംവിഡി വ്യക്തമാക്കി.