ഇടമലക്കുടിയിൽ നിന്നും ജില്ലാ കായിക മേളയിൽ എത്തിയത് രണ്ട് കുട്ടികൾ
കേരളത്തിലെ ആദ്യത്തെ ഗോത്ര വർഗ പഞ്ചായത്തായ ഇടമലക്കുടിയിൽ നിന്നും ഇത്തവണ ജില്ലാ കായിക മേളയിൽ എത്തിയത് രണ്ട് കുട്ടികൾ. മൂന്നാർ മോഡൽ റെസിഡൻസ് സ്കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ പ്രഭു വി, പ്ലസ് വൺ വിദ്യാർത്ഥിയായ പാർത്ഥിഭൻ എം എന്നിവരാണ് ഇടമലക്കുടിയിൽ നിന്നും റവന്യു ജില്ലാ കായിക മേളയിൽ എത്തിയത്. സീനിയർ വിഭാഗം ആൺകുട്ടികളുടെ 100 മീറ്റർ ഓട്ട മത്സരം, റിലെ മത്സരം എന്നിവയിലായിരുന്നു പാർത്ഥിഭന്റെ പോരാട്ടം. തികച്ചും വ്യത്യസ്ഥമായ കാലാവസ്ഥ മികച്ച പ്രകടനം കാഴ്ച വയ്ക്കാൻ തടസമായി നിന്നെങ്കിലും വീണ്ടും ജില്ലാ കായിക മേളയിൽ പങ്കെടുക്കാൻ കഴിഞ്ഞതിലുള്ള സന്തോഷത്തിലാണ് പാർത്ഥിഭൻ. 2019 ൽ ഇടുക്കിയിൽ ജില്ലയെ പ്രതിനിധീകരിച്ച് 600 മീറ്റർ മത്സരത്തിലും പാർത്ഥിഭൻ പങ്കെടുത്തിരുന്നു. ചെറുപ്പം മുതലുള്ള കായിക പരിശീലനമാണ് പാർത്ഥിഭന്റെ കരുത്ത്. കോട്ടയത്തു നടന്ന സംസ്ഥാന തല തൈക്വണ്ടോ മത്സരത്തിൽ വെങ്കല മെഡൽ ജേതാവ് കൂടിയാണ് പാർത്ഥിഭൻ. ഇടമലക്കുടി അമ്പലപ്പടി സ്വദേശിയായ പാർത്ഥിഭൻ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ അടിമാലിയിലാണ് 5 മുതൽ 10 വരെ പഠിച്ചത്. അഞ്ചാം ക്ലാസ് മുതൽ തൈക്വണ്ടോ പരിശീലിക്കുന്നുണ്ട്. നാഷണൽ മത്സരങ്ങളിൽ പങ്കെടുക്കാൻ അവസരം നേടിയെടുക്കാനുള്ള പരിശീലനത്തിലാണ് പാർത്ഥിഭൻ.
ഇടമലക്കുടി വെള്ളവാറക്കുടി സ്വദേശിയും എം ആർ എസ് സ്കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥിയുമായ പ്രഭു വി ആദ്യമായാണ് കായിക മത്സരങ്ങളിൽ പങ്കെടുക്കുന്നത്. സബ് ജൂനിയർ ഷോട്ട് പുട്ട് മത്സരത്തിൽ സമ്മാനം ഒന്നും ലഭിച്ചില്ലെങ്കിലും വരും വർഷങ്ങളിൽ കായിക മേളയിൽ തന്റെതായ വ്യക്തിമുദ്ര പതിപ്പിക്കണമെന്നാണ് പ്രഭുവിന്റെ ആഗ്രഹം. ജയറാണി ആംബ്രോസ് ആണ് കായിക അധ്യാപിക. 16 വർഷമായി കായിക അധ്യാപികയായി സേവനം അനുഷ്ഠിക്കുന്ന ജയറാണി രണ്ട് വർഷമായി എം ആർ എസ് സ്കൂളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകി വരുന്നു. പ്രതീക്ഷിച്ച വിജയം നേടാനായില്ലെങ്കിലും ജില്ലാ കായിക മേളയിൽ പങ്കെടുക്കാനായി ഇടമലക്കുടിയിൽ നിന്നെത്തിയ പ്രഭുവും, പാർഥിഭനും പൊരുതിയാണ് മടങ്ങുന്നത്.
പ്രഭുവും പാർത്ഥിഭനും അധ്യാപിക ജയറാണിക്കൊപ്പം