ചാൻസലർ സ്ഥാനത്ത് നിന്ന് മാറ്റാനുള്ള ഓർഡിനൻസ് ഗവർണർ തിരിച്ചയച്ചു
തിരുവനന്തപുരം: കേരളത്തിലെ സർവകലാശാലകളിലെ ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ മാറ്റാൻ വ്യവസ്ഥ ചെയ്യുന്ന ഓർഡിനൻസ് രാജ്‌ഭവൻ തിരിച്ചയച്ചു. സർക്കാർ നിയമസഭാ സമ്മേളനം വിളിച്ചു ചേർത്ത സാഹചര്യത്തിലാണിത്. ഓർഡിനൻസിൽ ഗവർണർ ഒപ്പിട്ടില്ലെങ്കിൽ സഭാ സമ്മേളനത്തിൽ ബിൽ കൊണ്ടുവരുമെന്ന് സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു.
എന്നാൽ ബിൽ ആയാലും, ഓർഡിനൻസ് ആയാലും ചാൻസലർ പദവിയിൽ നിന്ന് തന്നെ മാറ്റുന്ന തീരുമാനത്തിൽ ഒപ്പിടില്ലെന്ന് ഗവർണറും നിലപാടെടുത്തു. തന്നെമാത്രം ലക്ഷ്യമിട്ടുള്ള നിയമനിർമാണമാണെങ്കിൽ രാഷ്ട്രപതിക്ക് അയക്കുമെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കിയിരുന്നു.
ഗവർണറെ ചാൻസലർ സ്ഥാനത്തുനിന്ന് മാറ്റാനും പകരം അതത് മേഖലകളിലെ വിദഗ്‌ദ്ധരെ ചാൻസലറായി നിയമിക്കാനുമുള്ള ഓർഡിനൻസിനാണ് സർക്കാർ രൂപം നൽകിയത്. സർവകലാശാലാ വി.സി. നിയമനത്തിൽ സർക്കാരും ഗവർണറും തമ്മിൽ പോര് രൂക്ഷമായതിനെത്തുടർന്നായിരുന്നു ഇത്.