സ്ഥിരം യാത്രക്കാരായ ദമ്പതികളുടെ ചികിത്സയ്ക്കായി ബസ് ജീവനക്കാർ മുൻകൈയെടുത്ത് സമാഹരിച്ച പണം കൈമാറി
തൊടുപുഴ: ബസിലെ സ്ഥിരം യാത്രക്കാരായ ദമ്പതികളുടെ ചികിത്സ ചെലവിനായി ബസ് ജീവനക്കാർ സമാഹരിച്ച തുക കൈമാറി. ബസിലെ ജീവനക്കാരും യാത്രക്കാരും ചേർന്നു സമാഹരിച്ചത് ഒന്നേകാൽ ലക്ഷം രൂപ. തോപ്രാംകുടി–തൊടുപുഴ റൂട്ടിൽ സർവീസ് നടത്തുന്ന ‘ബ്ലൂ ഹിൽ’ ബസിലെ സ്ഥിരം യാത്രക്കാരും ജീവനക്കാരുമടങ്ങുന്ന വാട്സാപ് കൂട്ടായ്മ മുൻകൈ എടുത്താണ് രണ്ടാഴ്ചകൊണ്ട് ഇത്രയും തുക സമാഹരിച്ചത്.
തിങ്കളാഴ്ച തൊടുപുഴ മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ നടന്ന ചടങ്ങിൽ 1,26,610 രൂപ അർബുദ ബാധിതയായ അംബിക മോഹനനു കൈമാറി. ഇരുവൃക്കകളും തകരാറിലായി ഡയാലിസിസിനു വിധേയനായി വരികയായിരുന്ന ഭർത്താവ് മോഹനൻ കഴിഞ്ഞ വെള്ളിയാഴ്ച മരണത്തിനു കീഴടങ്ങി.
ഭർത്താവ് മോഹനനു തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ചികിത്സ. ഗുരുതിക്കളത്താണ് ഇവർ വാടകയ്ക്കു താമസിച്ചിരുന്നത്. അംബിക തൊടുപുഴയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ്. സ്ഥിരം യാത്രക്കാരായ ഈ ദമ്പതികളെ രണ്ടാഴ്ച കാണാതായപ്പോഴാണ് ജീവനക്കാർ അന്വേഷണം നടത്തിയത്. ഇരുവരും രോഗികളാണെന്നും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും മനസ്സിലായത് അപ്പോഴാണ്. ഇതോടെ എങ്ങനെയും ഇവരെ സഹായിക്കണമെന്ന് ഡ്രൈവർ ജയൻ തോമസും കണ്ടക്ടർ ജോസ് ജോസഫും തീരുമാനിച്ചു.
ബസ് ഉടമയെ അറിയിച്ചപ്പോൾ എല്ലാ പിന്തുണയും നൽകി. അടുത്തദിവസം ബസിലെ സ്ഥിരം യാത്രക്കാരോട് കാര്യം പറഞ്ഞപ്പോൾ അവരും സഹായിക്കാൻ തയാറായി. ബസിലെ സ്ഥിരം യാത്രക്കാരി അമ്പിളി ഇതിനായി മുൻകൈ എടുത്തു. ബസിലെ യാത്രക്കാരുടെ ഇരിപ്പിടത്തിന് മുന്നിലായി ജീവനക്കാർ എല്ലാവർക്കും കാണാനാകും വിധം ഒരു കുടുക്ക സ്ഥാപിച്ചു. ബസിൽ കയറുന്നവരോട് വിവരം പറഞ്ഞു. മിക്കവരും മനസ്സറിഞ്ഞ് തങ്ങളാലാവുന്ന സഹായം കുടുക്കയിൽ നിക്ഷേപിച്ചു.
ഇത്തരത്തിൽ ഓരോ ദിവസവും ലഭിക്കുന്ന പണം എണ്ണി തിട്ടപ്പെടുത്തി ബാങ്കിൽ സൂക്ഷിച്ചു. . ഈ വാർത്തയറിഞ്ഞ് സൗത്ത് ഇന്ത്യൻ ബാങ്ക് മുരിക്കാശേരി ശാഖ ജീവനക്കാർ, തൊടുപുഴ–തോപ്രാംകുടി റൂട്ടിലെ വിവിധ വ്യാപാരികൾ, ഉദ്യോഗസ്ഥർ, നാട്ടുകാർ, തൊടുപുഴയിലെ ബസ് ജീവനക്കാർ ഉൾപ്പെടെ പുറത്തു നിന്നുള്ളവരും സഹായവുമായി മുന്നോട്ടു വന്നതോടെയാണ് ഇത്രയും തുക സമാഹരിച്ചു നൽകാനായത്.
ഇടുക്കി എൻഫോഴ്സ്മെന്റ് ആർടിഒ പി.എ. നസീർ ബ്ലൂഹിൽ ബസ് ജീവനക്കാരെ പൊന്നാടയണിയിച്ച് അനുമോദിച്ചു. ചടങ്ങിൽ ഇടുക്കി ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ സെക്രട്ടറി കെ.കെ. അജിത് കുമാർ, വൈസ് പ്രസിഡന്റ് സലിം, മറ്റ് ബസ് ജീവനക്കാർ, യാത്രക്കാർ തുടങ്ങിയവർ പങ്കെടുത്തു.