മയക്കുമരുന്ന് കലർത്തിയ മദ്യം നല്‍കി ഡോക്ടറിൽ നിന്നും 20 ലക്ഷത്തോളം രൂപ തട്ടിയെടുത്ത ഓട്ടോ ഡ്രൈവർ പിടിയിൽ

മയക്കുമരുന്ന് കലർത്തിയ മദ്യം നല്‍കി ഡോക്ടറിൽ നിന്നും 20 ലക്ഷത്തോളം രൂപ തട്ടിയെടുത്ത ഓട്ടോ ഡ്രൈവർ പിടിയിൽ.ഇടുക്കി തടിയംപാട് സ്വദേശി നിഷാദ് ജബ്ബാര്‍ ആണ് തൃശ്ശൂർ ടൗൺ ഈസ്റ്റ് പോലീസിന്‍റെ പിടിയിലായത്.തൃശൂർ സ്വദേശിയായ ഡോക്ടര്‍ ആണ് തട്ടിപ്പിന് ഇരയായത്. തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിന്നുമുള്ള ഓട്ടോ യാത്രക്കിടെയാണ് പ്രതി ഡോക്ടറുമായി പരിചയം സ്ഥാപിച്ച് തട്ടിപ്പിന് തുടക്കമിടുന്നത്. യാത്രക്കിടെ തനിക്ക് കാർ ഓടിക്കാൻ അറിയാമെന്നും, എന്ത് ആവശ്യമുണ്ടെങ്കിലും തന്നെ വിളിക്കണമെന്നും അഭ്യര്‍ത്ഥിച്ച പ്രതി തന്‍റെ നമ്പര്‍ ഡോക്ടര്‍ക്ക് കെെമാറി. ഇതിനുശേഷം ഡോക്ടർ പല ആവശ്യങ്ങൾക്കും ഇയാളെ വിളിച്ച് സ്വന്തം കാറിൽ പല സ്ഥലങ്ങളിലും പോകാറുണ്ടായിരുന്നു. വിശ്വാസം പിടിച്ചുപറ്റിയതോടെ ദീർഘദൂരയാത്രകൾക്കും ഡോക്ടർ ഇയാളെ കൂടെ കൂട്ടുക പതിവായിരുന്നു.ഈ സമയങ്ങളില്‍ ഡോക്ടറുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, മൊബൈൽ ഫോൺ ബാങ്കിങ്ങ് പിൻ നമ്പർ, ഒ ടി പി എന്നിവ പ്രതി കൈക്കലാക്കി . തുടര്‍ന്ന് മയക്കുമരുന്ന് കലര്‍ത്തിയ മദ്യം നല്‍കി അബോധാവസ്ഥയിലാക്കിയ ശേഷം ഇന്റർനെറ്റ് ബാങ്കിങ്ങ് വഴിയായിരുന്നു പണം തട്ടല്‍. പലതവണകളായാണ് 20 ലക്ഷത്തോളം രൂപ പ്രതി തന്‍റെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തെടുത്തത്. ഡോക്ടറുടെ പരാതിയില്‍ മൂവാറ്റുപുഴയില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. ഇയാൾക്കെതിരെ കുന്ദംകുളം, ഗുരുവായൂർ പോലീസ് സ്റ്റേഷനുകളിൽ തട്ടിപ്പുകേസുകൾ നിലവിലുണ്ട്.തട്ടിയെടുത്ത പണം ആഢംബര ജീവിതത്തിനും, ഓൺലൈൻ റമ്മി കളിക്കും ഉപയോഗിച്ചതായി പ്രതി പോലീസിനോട് വ്യക്തമാക്കി. ഇയാൾക്കെതിരെ മറ്റു സ്റ്റേഷനുകളിൽ കേസ് നിലവിലുണ്ടോ എന്ന് പോലീസ് പരിശോധിച്ച് വരികയാണ്.