ഇനി ഇന്ത്യ നയിക്കും; ജി20 അധ്യക്ഷ സ്ഥാനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഏറ്റെടുത്തു

ബാലി: പ്രധാനമന്ത്രി നരേന്ദ്ര മോദി ജി20 അധ്യക്ഷനായി ചുമതലയേറ്റു. ബാലിയിൽ നടന്ന ഉച്ചകോടിയുടെ സമാപനച്ചടങ്ങിൽ ഇന്തോനേഷ്യൻ പ്രസിഡന്‍റ് ജോകോ വിഡോഡോ ജി20 അധ്യക്ഷ സ്ഥാനം ഇന്ത്യയ്ക്ക് കൈമാറി. ഡിസംബർ ഒന്ന് മുതൽ ജി20യുടെ അധ്യക്ഷ സ്ഥാനത്ത് ഇന്ത്യ ഔദ്യോഗികമായി ചുമതലയേൽക്കും. ഒരു വർഷത്തേക്കാണ് മോദി പ്രസിഡന്‍റായി ചുമതലയേൽക്കുന്നത്.
ഡിജിറ്റൽ പരിവർത്തനത്തിൽ ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ചുമതലയേറ്റ ശേഷം പ്രധാനമന്ത്രി പറഞ്ഞു. ദാരിദ്ര്യ ലഘൂകരണവും കാലാവസ്ഥാ വ്യതിയാനവും ഉൾപ്പെടെയുള്ള വെല്ലുവിളികളെ അഭിസംബോധന ചെയ്യുന്നതിൽ ഡിജിറ്റൽ പരിവർത്തനം സഹായകമാകും. 50 രാജ്യങ്ങളിൽ മാത്രമാണ് ഡിജിറ്റൽ പേയ്മെന്‍റ് സംവിധാനമുള്ളത്. മിക്ക വികസ്വര രാജ്യങ്ങളിലെയും പൗരൻമാർക്ക് ഒരു തരത്തിലുള്ള ഡിജിറ്റൽ ഐഡന്‍റിറ്റിയും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
“ജി20 യുടെ അധ്യക്ഷസ്ഥാനം ഇന്ത്യ ഏറ്റെടുത്തു എന്നത് ഓരോ ഇന്ത്യക്കാരനും അഭിമാനകരമായ കാര്യമാണ്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും നഗരങ്ങളിലും ജി20 മീറ്റിംഗുകൾ സംഘടിപ്പിക്കും. നമ്മൾ ഒരുമിച്ച് ജി20യെ ആഗോള മാറ്റത്തിനുള്ള ഉത്തേജകമാക്കി മാറ്റും. ഇന്ത്യയുടെ ജി20 പ്രസിഡന്‍റ് സ്ഥാനം എല്ലാവരെയും ഉൾക്കൊള്ളുന്നതും പ്രവർത്തനാധിഷ്ഠിതവുമായിരിക്കും,” പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.