രാജ്യത്തെ മൊത്തവില പണപ്പെരുപ്പം 19 മാസത്തെ താഴ്ന്ന നിലയില്‍

രാജ്യത്തെ മൊത്തവില പണപ്പെരുപ്പം 19 മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ. ഹോള്‍സെയില്‍ പ്രൈസ് ഇന്‍ഡക്‌സിനെ (WPI) അടിസ്ഥാനമാക്കിയുള്ള രാജ്യത്തെ മൊത്ത വില പണപ്പെരുപ്പം ഒക്ടോബറിൽ 8.39 ശതമാനമായിരുന്നു. 18 മാസത്തിനിടെ ഇതാദ്യമായാണ് പണപ്പെരുപ്പം ഒറ്റ അക്കത്തിലെത്തുന്നത്.
സെപ്റ്റംബറിൽ മൊത്തവില പണപ്പെരുപ്പം 10.7 ശതമാനമായിരുന്നു. ഓഗസ്റ്റിൽ ഇത് 12.41 ശതമാനമായിരുന്നു. കഴിഞ്ഞ മെയ് മാസം റെക്കോർഡ് ഉയരമായ 15.88 ശതമാനത്തിലെത്തിയ മൊത്തവില പണപ്പെരുപ്പമാണ് ഇപ്പോൾ ഒറ്റ അക്കത്തിലേക്ക് കൂപ്പുകുത്തിയത്. ഇന്ധനവിലയില്‍ ഉള്‍പ്പടെ വന്ന മാറ്റങ്ങളാണ് പണപ്പെരുപ്പം കുറയാൻ കാരണം.
ഒക്ടോബറിലെ 32.61 ശതമാനത്തിൽ നിന്ന് ഇന്ധന, ഊർജ്ജ പണപ്പെരുപ്പം 23.71 ശതമാനമായി കുറഞ്ഞു. മാനുഫാക്‌ചേര്‍ഡ് ഉൽപ്പന്നങ്ങളുടെ വിഭാഗത്തിൽ പണപ്പെരുപ്പം 6.34 ശതമാനത്തിൽ നിന്ന് 4.42 ശതമാനമായി കുറഞ്ഞു. ഡബ്ല്യുപിഐ സൂചികയുടെ മൂന്നിൽ രണ്ട് ഭാഗവും മാനുഫാക്‌ചേര്‍ഡ് വിഭാഗത്തിൽ നിന്നാണ് വരുന്നത്. ഒക്ടോബറിൽ ഭക്ഷ്യ പണപ്പെരുപ്പം 8.33 ശതമാനമാണ്. സെപ്റ്റംബറിൽ ഇത് 11.03 ശതമാനമായിരുന്നു. പച്ചക്കറികളുടെ വിലക്കയറ്റവും മുന്‍വര്‍ഷത്തെ 39.66 നിന്ന് 17.61 ആയി കുറഞ്ഞു.