ലിനി സിസ്റ്ററിന്റെ ഓര്‍മ്മയിൽ റോബോട്ട്; ‘മെഡിനേഴ്‌സുമായി’ വിദ്യാര്‍ഥിനികള്‍
എറണാകുളം: നിപ വൈറസ് ബാധിച്ച് മരിച്ച ലിനി സിസ്റ്ററിനെ മലയാളികൾ അത്ര പെട്ടെന്ന് മറക്കില്ല. ഇപ്പോൾ ലിനി സിസ്റ്ററിന്‍റെ ഓർമ്മയിൽ രണ്ട് വിദ്യാര്‍ഥിനികള്‍ ‘മെഡിനേഴ്‌സ്’ എന്ന റോബോട്ടിനെ സൃഷ്ടിച്ചിരിക്കുകയാണ്. എറണാകുളത്ത് നടക്കുന്ന സംസ്ഥാന ശാസ്ത്രമേളയിൽ വർക്കിംഗ് മോഡൽ വിഭാഗത്തിലാണ് മെഡിനേഴ്‌സ് ശ്രദ്ധിക്കപ്പെട്ടത്.
എറണാകുളം സെന്‍റ് തെരേസാസ് സ്കൂളിലെ വിദ്യാർഥിനികളായ അൽമ സാജനും, നന്ദന ജി. കൃഷ്ണയും ആണ് മെഡിനേഴ്‌സ് നിർമ്മിച്ചത്. ഈ റോബോട്ടിന്‍റെ സഹായത്തോടെ, ഐസോലേറ്റഡ് ആയ രോഗിയെ പരിചരിക്കാൻ കഴിയും. രോഗികൾക്ക് ഭക്ഷണമോ മരുന്നോ വസ്ത്രമോ നൽകാൻ കഴിയും. ഈ റോബോട്ടിന്‍റെ സഹായത്തോടെ, രോഗിയുമായി നേരിട്ട് സമ്പർക്കം പുലർത്താതെ രോഗിയുടെ ശരീര താപനിലയും ഓക്സിജന്‍റെ അളവും നിരീക്ഷിക്കാൻ കഴിയും.
പ്രത്യേകം സജ്ജീകരിച്ച ആപ്ലിക്കേഷനിലൂടെയാണ് റോബോട്ട് പ്രവർത്തിക്കുക. നേരിട്ട് സമ്പർക്കം പുലർത്താതെ തന്നെ ഐസൊലേഷനിലുള്ള രോഗിക്ക് ആവശ്യമായ പരിചരണം നൽകാൻ കഴിയുമെന്നതാണ് ഇതിൻ്റെ പ്രത്യേകത.