നാവികരെ തടവിലാക്കിയ സംഭവം; സനുവിനെ നൈജീരിയയ്ക്ക് കൈമാറാനുള്ള നീക്കം തടഞ്ഞു

ന്യൂഡൽഹി: പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ഗിനിയയിൽ നാവികസേന കസ്റ്റഡിയിലെടുത്ത കപ്പലിലെ ജീവനക്കാരെ നൈജീരിയയിലേക്ക് കൈമാറാനുള്ള നീക്കം തടഞ്ഞു. ഗിനിയയിൽ നാവികസേന അറസ്റ്റ് ചെയ്ത കപ്പലിന്‍റെ ചീഫ് ഓഫീസറായ കൊച്ചി സ്വദേശി സനു ജോസിനെ കപ്പലിൽ തിരികെ എത്തിച്ചു. കപ്പലിലെ ജീവനക്കാരായ മലയാളികൾ ഉൾപ്പെടെ 15 പേരെ ഹോട്ടലിലേക്ക് മാറ്റിയതായാണ് വിവരം. കപ്പലിലെ ജീവനക്കാരെ നേരത്തെ ഉണ്ടായിരുന്ന ഹോട്ടലിലേക്ക് മാറ്റിയതായി കപ്പലിലുണ്ടായിരുന്ന കൊച്ചി സ്വദേശി മിൽട്ടൺ അറിയിച്ചതായി സനുവിന്‍റെ ഭാര്യ ശീതൾ പറഞ്ഞു.
നൈജീരിയയ്ക്ക് കൈമാറാനുള്ള നീക്കം സർക്കാരിന്റെ ഇടപെടൽ മൂലം തടഞ്ഞതായി സാനു ജോസ് പറഞ്ഞു. വിദേശകാര്യ മന്ത്രാലയവും എംബസിയും വിഷയത്തിൽ കാര്യക്ഷമമായി ഇടപെട്ടു. നാട്ടിലെത്തിയാൽ മാത്രമേ സമാധാനമാകൂ എന്നും സനു ജോസ് പറഞ്ഞു. സനു ജോസിനെ ഗിനിയ നാവിക സേന അറസ്റ്റ് ചെയ്ത് നൈജീരിയൻ യുദ്ധക്കപ്പലിലേക്ക് കൊണ്ടുപോയെന്നായിരുന്നു പ്രാഥമിക റിപ്പോർട്ടുകൾ. അറസ്റ്റിലായ 26 നാവികരിൽ 3 മലയാളികൾ ഉൾപ്പെടെ 16 ഇന്ത്യക്കാർ ഉൾപ്പെടുന്നു.
ഇവർ കഴിയുന്ന കപ്പൽ എഞ്ചിൻ തകരാർ പരിഹരിച്ചതോടെ എപ്പോൾ വേണമെങ്കിലും നൈജീരിയയിലേക്ക് കൊണ്ടുപോകാമെന്നും ഓരോ നിമിഷവും ജീവൻ കൂടുതൽ അപകടത്തിലാണെന്നും സംഘത്തിലെ മലയാളികളിലൊരാളായ വിജിത്ത് വി നായർ നേരത്തെ പറഞ്ഞിരുന്നു. കൊച്ചി സ്വദേശിയായ മിലനാണ് സംഘത്തിലെ മൂന്നാമത്തെ മലയാളി. തടവിലാക്കി 3 മാസം പിന്നിട്ടതോടെ ആരോഗ്യ പ്രശ്നങ്ങളും സമ്മർദ്ദവും കാരണം സംഘത്തിലെ പലരും ദുർബലരായിരുന്നു. രക്ഷിക്കണമെന്ന് ആവശ്യപ്പെടുന്ന വീഡിയോകളും ഇന്നലെ പുറത്തുവന്നിരുന്നു.