കോൺഗ്രസിന്റെ സിറ്റിങ് സീറ്റടക്കം പിടിച്ചെടുത്ത് BJP; 4 സീറ്റുകളില്‍ മിന്നും വിജയം; തെലങ്കാനയില്‍ TRS
ന്യൂഡൽഹി: ആറ് സംസ്ഥാനങ്ങളിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് മുന്നേറ്റം. ഒടുവില്‍ ഫലം വരുമ്പോള്‍ ഏഴില്‍ നാല് മണ്ഡലങ്ങളില്‍ ബിജെപി വിജയം നേടി. ഇതിൽ കോൺഗ്രസിന്റെ സിറ്റിങ് സീറ്റും ഉൾപ്പെടുന്നു. ഉത്തര്‍പ്രദേശിലെ ഗോല ഗോരഖ് നാഥ്, ഹരിയാനയിലെ അദംപുര്‍, ഒഡീഷയിലെ ധംനഗര്‍, ബിഹാറിലെ ഗോപാല്‍ഗഞ്ച് എന്നിവിടങ്ങളിലാണ് ബിജെപി സ്ഥാനാര്‍ത്ഥികള്‍ ജയിച്ചു കയറിയത്. ഇതിൽ ഗോല ഗോരഖ് നാഥ്, ധംനഗര്‍, ഗോപാല്‍ ഗഞ്ച് എന്നീ മണ്ഡലങ്ങള്‍ ബിജെപിയുടെ സിറ്റിങ് സീറ്റുകളായിരുന്നു. ഹരിയാനയിലെ അദംപുര്‍ കോണ്‍ഗ്രസിൽ നിന്ന് ബിജെപി പിടിച്ചെടുത്തു. മഹാരാഷ്ട്രയിലെ അന്ധേരി ഈസ്റ്റ് സീറ്റ് ശിവസേന ഉദ്ധവ് പക്ഷം നിലനിര്‍ത്തി.
ദേശീയ ശ്രദ്ധയാകര്‍ഷിച്ച് തെലങ്കാന മുനുഗോഡെ മണ്ഡലത്തില്‍ ടിആര്‍എസ് വിജയിച്ചു. വാശിയേറിയ പോരാട്ടം നടന്ന ഇവിടെ ടിആർഎസ് സ്ഥാനാർത്ഥി കുസുകുന്തല പ്രഭാകർ റെഡ്ഡി 7600 വോട്ടുകൾക്കാണ് വിജയിച്ചത്. ടിആർഎസ് സ്ഥാനാർത്ഥി 81,825 വോട്ടുകൾ നേടിയപ്പോൾ രണ്ടാമതെത്തിയ ബിജെപി സ്ഥാനാർത്ഥി രാജഗോപാൽ റെഡ്ഡി 74,225 വോട്ടുകളും കോൺഗ്രസിന്റെ പൽവായ് ശ്രാവന്തി 21,218 വോട്ടുകളും നേടി. നിലവിൽ കോൺഗ്രസിന്റെ സിറ്റിങ് സീറ്റായിരുന്നു മുനുഗോഡെ.
ഹരിയാനയിലെ അദംപുര്‍ മണ്ഡലത്തില്‍ 16,606 വോട്ടിന്റെ ഭൂരിപക്ഷം നേടിയാണ് ബിജെപിയുടെ ഭവ്യ ബിഷണോയ് വിജയം നേടിയത്. ഉത്തര്‍പ്രദേശിലെ ഗോല ഗോരഖ് നാഥില്‍ സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്കെതിരെ 34,000 വോട്ടിന്‍റെ വ്യക്തമായ ഭൂരിപക്ഷം നേടാന്‍ ബിജെപിയുടെ അമന്‍ ഗിരിക്ക് സാധിച്ചു. ബിഹാറിലെ ഗോപാല്‍ ഗഞ്ച് നിലനിര്‍ത്താനും പാര്‍ട്ടിക്ക് സാധിച്ചു.