ഇടമലക്കുടിയുടെ മാഷ് ആകാൻ ഷമീർ
അടിമാലി: ഗോത്രവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് അക്ഷരവെളിച്ചം പകരാന്‍ സ്വയം സന്നദ്ധനായി അധ്യാപകന്‍ മലകയറുന്നു. അടിമാലി വെള്ളത്തൂവല്‍ സ്വദേശിയും ബി.ആര്‍.സി ട്രെയിനറുമായ സി.എ.
ഷമീറാണ് വിദൂര ആദിവാസി മേഖലയായ ഇടമലക്കുടിയിലെത്തിയത്. സമഗ്ര ശിക്ഷ കേരളയിലെ ഡെപ്യൂട്ടേഷന്‍ പൂര്‍ത്തിയാക്കിയാണ് നവംബര്‍ ഒന്നിന് ഗവ.എല്‍.പി സ്കൂളിലെത്തിയത്. കേരളത്തിലെ ഏക ആദിവാസി ഗ്രാമപഞ്ചായത്താണ് ഇടമലക്കുടി.
മൂന്നാറില്‍നിന്ന് ഏതാണ്ട് അഞ്ചു മണിക്കൂറോളം വനത്തിലൂടെ യാത്ര ചെയ്താലാണ് ഈ ഗിരിവര്‍ഗമേഖലയില്‍ എത്താന്‍ സാധിക്കുക. രാജമല, പുല്ലുമേട് എന്നീ സ്ഥലങ്ങളിലൂടെ 15 കിലോമീറ്റര്‍ ജീപ്പില്‍ യാത്ര ചെയ്ത് ഇടമലക്കുടിയിലേക്കുള്ള കവാടമായ പെട്ടിമുടിയില്‍ എത്താം. ഏതാണ്ട് 13 കിലോമീറ്റര്‍ ആന, കടുവ, കാട്ടുപോത്ത് എന്നിവയുടെ സാന്നിധ്യമുണ്ട്. ജീപ്പില്‍ നാലുമണിക്കൂര്‍ യാത്ര ചെയ്താല്‍ ഇടമലക്കുടി പഞ്ചായത്തിന്റെ കേന്ദ്രമായ സൊസൈറ്റിക്കുടിയില്‍ എത്തും. കേരള വനം വകുപ്പിന്‍റെ അനുവാദം ഉണ്ടെങ്കില്‍ മാത്രമേ ഇടമലക്കുടി നിവാസിയല്ലാത്തവര്‍ക്ക് ഇവിടെ എത്തിച്ചേരാന്‍ സാധിക്കൂ.
ആദിവാസി ഗോത്രവിഭാഗത്തിലെ മുതുവാന്‍ വര്‍ഗക്കാരാണ് ഇവിടെ താമസിക്കുന്നത്. പഞ്ചായത്ത് ഓഫിസ് ഇവിടെ പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കുന്നില്ല. ദേവികുളത്താണ് ഓഫിസ് പ്രവര്‍ത്തനം.
സൊസൈറ്റിക്കുടിവരെ വൈദ്യുതി എത്തിയിട്ടുണ്ടെങ്കിലും മൂന്ന് കുടികളിലേ വൈദ്യുതിയുള്ളു. 23 കുടികളില്‍ ഇന്നും വെളിച്ചത്തിന് പരമ്ബരാഗത മാര്‍ഗങ്ങള്‍ മാത്രം. ഫോണ്‍ സൗകര്യത്തിന് ബി.എസ്.എന്‍.എല്‍ ടവര്‍ മാത്രമാണുള്ളത്. ഇടമലക്കുടിയിലെ ഏക വിദ്യാഭ്യാസ സ്ഥാപനം ഈ സര്‍ക്കാര്‍ എല്‍.പി സ്കൂളാണ്. ഒന്നു മുതല്‍ നാലുവരെ ക്ലാസുകളിലായി നൂറോളം കുട്ടികളാണുള്ളത്. ഗോത്രവിഭാഗങ്ങള്‍ കൗതുക കാഴ്ചയല്ലെന്നും അവര്‍ക്കായി പ്രതികൂല സാഹചര്യത്തിലും എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹിച്ചാണ് സ്ഥലം മാറ്റത്തിന് സ്വയം തയാറായതെന്നും ഷെമീര്‍ പറയുന്നു.