റീ ബിൽഡ് കേരളയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന ഇരട്ടയാർ ശാന്തിഗ്രാം ഇടിഞ്ഞമല – തമ്പാൻ സിറ്റി- പള്ളിക്കാനം റോഡ് നിർമ്മാണം പൂർത്തി കരിക്കാത്തതിനെതിരെ ശക്തമായ സമരമാരംഭിക്കാൻ കോൺഗ്രസ് ഇരട്ടയാർ മണ്ഡലം കമ്മിറ്റി തീരുമാനിച്ചതായി ഭാരവാഹികൾ പത്ര സമ്മേളനത്തിൽ അറിയിച്ചു
റോഡ് നിർമ്മാണം ആരംഭിച്ചിട്ട് ഒരു വർഷം പിന്നിട്ടു.
എന്നാൽ നാല് മാസമായി നിർമ്മാണം നിർത്തിവച്ചിരിക്കുകയാണ്.
കലുങ്ക് നിർമ്മാണ ത്തിന്റെ പേരു പറഞ്ഞാണ് റോഡ് പണിതടസ്സപ്പെട്ടിരിക്കുന്നത്.
റോഡ് പണിയുടെ മറവിൽ ഭരണകക്ഷി ജില്ലാ നേതാവിന്റെ ബന്ധുവിന്റെ നേതൃത്വത്തിൽ ഇവിടെ നിന്നും വ്യാപകമായി പാറ പൊട്ടിച്ചു കടത്തുകയാണ്.
റോഡിന്റെ അലൈൻമെന്റിൽ ഉൾപ്പെടാത്ത ഭാഗത്ത് നിന്നും നൂറുകണക്കിന് ലോഡ് പാറയാണ് അനധികൃതമായി ഇവിടെ നിന്നും കടത്തിയിട്ടുള്ളത്. അനധികൃത പാറ ഖനനത്തിന് ഒത്താശ ചെയ്യുന്നതിന് വേണ്ടിയാണ് റോഡ് പണി നിർത്തിവെച്ചിരിക്കുന്നതെന്ന് ഭാരവാഹികൾ ആരോപിച്ചു.
പാറ ഘനനത്തിനെതിരെ പരാതി നല്കിയിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
റവന്യൂ, മൈനിംഗ് ആൻഡ് ജിയോളജി വകുപ്പുകളുടെയും പോലീസിന്റെയും ഒത്താശയോടെയാണ് നിയമവിരുദ്ധ പ്രവർത്തനം നടത്തുന്നത്.
ഇതുവഴി ഇപ്പോൾ യാത്ര പോലും ദുഷ്കരമാണ്.
പല തവണ ആവശ്യപ്പെട്ടിട്ടും റോഡ് പണി പൂർത്തിയാക്കാൻ ഒരു നടപടിയും അധിക്യതരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല. അടിയന്തിരമായി റോഡ് നിർമ്മാണം പൂർത്തീകരിക്കണമെന്നാവശ്യപ്പെട്ട് ശക്തമായ സാരം ആരംഭിക്കാൻ തീരുമാനിച്ചതായും സമരത്തിന്റെ ഒന്നാം ഘട്ടമായ ബിൽഡ് കേരളയുടെ കോട്ടയം പ്രോജക്ട് ഇംപ്ലിമെന്റേഷൻ യൂണിറ്റ് ഓഫീസിന് മുൻപിൽ യു. ഡി. എഫ് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച (4.11.22) ധർണ്ണ നടത്തുമെന്നും കോണ് ഗ്രസ് ഇരട്ടയാർ മണ്ഡലം പ്രസിഡന്റ് ജോസ് പച്ചാപറമ്പിൽ, റെജി ഇലിപ്പുലിക്കാട്ട്, ജോസുകുട്ടി അരിപറമ്പിൽ, രതീഷ് എ.എസ്, തോമസ് കുടത്താഴെ , ആനന്ദ് തോമസ് എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു.